കോട്ടയം: കെഎം മാണിയുടെ മരണശേഷം കേരള കോൺഗ്രസിനെ പിജെ ജോസഫ് ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചുവെന്ന് ജോസ് കെ മാണി എംപി. പിജെ ജോസഫിന് രാഷ്ട്രീയ അഭയം നൽകുകയാണ് കെഎം മാണി ചെയ്തത്. അത് തെറ്റായിപ്പോയി. കെഎം മാണിയെ മറന്നുകൊണ്ടുള്ള തീരുമാനമാണ് യുഡിഎഫിൻറേത്. കേരള കോൺഗ്രസിനെ സംരക്ഷിക്കാൻ ശ്രമിച്ചതാണോ താൻ ചെയ്ത തെറ്റെന്നും അദ്ദേഹം ചോദിച്ചു.

യുഡിഎഫിനെ പടുത്തുയർത്തുന്നതിൽ  38 വർഷക്കാലം കെഎം മാണിക്ക് നിർണായക പങ്കുണ്ട്. ആ കെ എം മാണിയെയാണ് പുറത്താക്കിയത്. യുഡിഎഫുമായുണ്ടായിരുന്നത് ഹൃദയബന്ധം. ഒരു കാരണവുമില്ലാതെ ആ ഹൃദയ ബന്ധം മുറിച്ച് മാറ്റി. ഒരു തദ്ദേശ സ്ഥാപനത്തിലെ പദവിക്ക് വേണ്ടി മുന്നണി രൂപീകരിക്കാൻ കൂടെ നിന്ന പാർട്ടിയെ പുറത്താക്കി.

മുന്നണി പ്രവർത്തകരെ ഇത് മുറിവേൽപ്പിച്ചു. യുഡിഎഫിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്ന് പ്രവർത്തകർ പറയുന്നു. എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോവുക എന്ന ധർമ്മം യുഡിഎഫ് മറന്നു. പിറന്ന് വീണതുമുതൽ പാർട്ടിയെ തകർക്കാൻ പലരും ശ്രമിച്ചു. പക്ഷേ അതിനെയെല്ലാം അതിജീവിച്ചു

പിജെ ജോസഫ് നുണകൾ ആവർത്തിക്കുന്നു. പിജെ ക്ക് രാഷ്ട്രീയ അഭയം കൊടുത്തത് കെഎം മാണിയാണ്. കെഎം മാണിയുടെ മരണശേഷം കേരളാ കോൺഗ്രസിനെ ഹൈജാക്ക് ചെയ്യാൻ പിജെ ശ്രമിച്ചു. അത് സംരക്ഷിക്കാൻ ശ്രമിച്ചതാണോ താൻ ചെയ്ത തെറ്റെന്നും അദ്ദേഹം ചോദിച്ചു.

മാണിയുടെ മരണ ശേഷം ജോസഫ് ആവശ്യപ്പെട്ടതെല്ലാം അനാവശ്യം. ലോക്സഭാ സീറ്റിലെ തീരുമാനമെടുത്തപ്പോൾ താൻ മോശക്കാരനായി. പാലായിലെ സ്ഥാനാർത്ഥി പാലായിൽ നിന്ന് വേണമെന്ന് പറഞ്ഞപ്പോൾ താൻ മോശക്കാരനായി. ചിഹ്നം പോലും ലഭിക്കാതെ ഒറ്റയ്ക്ക് നിന്നു. യുഡിഎഫിൽ പരാതി ഉന്നയിച്ചു. ജില്ലാ പഞ്ചായത്തിൽ കാല് മാറ്റക്കാരന് പ്രസിഡന്റ് പദവി നൽകാൻ ആവശ്യപ്പെട്ടു.