തിരുവനന്തപുരം: കോൺഗ്രസ് പാർട്ടി സംഘടനാ രീതിയിൽ അടിമുടി മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്ത് നൽകിയത് അനിശ്ചിതത്വം ഒഴിവാക്കാനാണെന്നും സോണിയക്കെതിരെ നിലപാടെടുത്തിട്ടില്ലെന്നും മുതിര്‍ന്ന കോൺഗ്രസ് നേതാവ് പിജെ കുര്യൻ. സോണിയാ ഗാന്ധിക്കെതിരെ നിലപാട് എടുത്തിട്ടില്ല. അനിശ്ചിതത്വം ഒഴിവാക്കാനാണ് കത്ത് നൽകിയതെന്നും കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗത്തിൽ അദ്ദേഹം വിശദീകരിച്ചതായാണ് വിവരം. കത്ത് അനവസരത്തിലെന്ന് യോഗത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടിരുന്നു. 

പാർട്ടി സംഘടനാ രീതിയിൽ അടിമുടി മാറ്റം വേണമെന്നും പാർലമെൻററി ബോർഡ് രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് 23 നേതാക്കൾ സോണിയ ഗാന്ധിക്ക് കത്ത് നല്കിയിരുന്നു. കേരളത്തിൽ നിന്ന് പിജെ കുര്യൻ, ശശി തരൂർ എന്നിവരാണ് കത്തിൽ ഒപ്പുവെച്ചത്. കോൺഗ്രസ് പ്രവർത്തകരെ ഏകോപിച്ച് കൊണ്ട് പോകാൻ കഴിയണം. അതിന് രാഹുൽ ഗാന്ധിയോ പ്രിയങ്കാഗാന്ധിയോ സ്ഥാനം ഏറ്റെടുക്കണം. ഇവർ തയ്യാറായില്ലെങ്കിൽ പുറത്ത് നിന്ന് ആളെ കണ്ടത്തണം. രാഹുൽ ഗാന്ധി സ്വയം തയ്യാറായി മുന്നോട് വരണമെന്നും പിജെ കുര്യൻ പിന്നീട് മാധ്യമങ്ങളോടും പ്രതികരിച്ചിരുന്നു. 

അതേ സമയം പ്രവർത്തക സമിതിയുടെ പ്രമേയത്ത രാഷ്ട്രീയകാര്യ സമിതി എകകണ്ഠമായി പിന്തുണച്ചു.  പ്രമേയം പാസാക്കി. സെക്രട്ടറിയേറ്റ് കത്തിയ സംഭവത്തിൽ  പ്രക്ഷോഭം സംഘടിപ്പിക്കാനും തദ്ദേശ തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനും തയ്യാറെടുക്കാനും തീരുമാനമെടുത്തതായാണ് വിവരം.