ശിവന്‍കുട്ടിയെ ട്രോളി സ്കൂൾ വരാന്തയിൽ നിൽക്കുന്ന സ്വന്തം ചിത്രത്തിനൊപ്പം മുന്‍ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് ട്രോളുമായി രംഗത്ത് എത്തിയത്.

തിരുവനന്തപുരം: പ്ലസ് ടു ഫല പ്രഖ്യാപനത്തിനിടെ (Kerala Plus Two Result) വിദ്യാർത്ഥികളുടെ എണ്ണം തെറ്റിപ്പോയ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിൽ ട്രോളുകൾ വന്നിരുന്നു. പ്ലസ് ടു ഫല പ്രഖ്യാപനത്തിനിടെ ഏറ്റവും കുറവ് കുട്ടികൾ പരീക്ഷയെഴുതിയ ജില്ലയുടെ കണക്കാണ് മന്ത്രി തെറ്റായി വായിച്ചത്. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് കുട്ടികൾ പരീക്ഷയെഴുതിയത്. 9353 കുട്ടികൾ ആയിരുന്നു ജില്ലയിൽ പ്ലസ് ടു പരീക്ഷയെഴുതിയത്. ഈ കണക്കാണ് മന്ത്രി തെറ്റി വായിച്ചത്. ട്രോളിന് പിന്നാലെ താന്‍ അത് പിന്നീട് തിരുത്തിയിരുന്നു എന്ന് കാണിക്കുന്ന വീഡിയോ മന്ത്രി തന്നെ പോസ്റ്റ് ചെയ്തിരുന്നു. 

ഇതിന് പിന്നാലെയാണ് ശിവന്‍കുട്ടിയെ ട്രോളി സ്കൂൾ വരാന്തയിൽ നിൽക്കുന്ന സ്വന്തം ചിത്രത്തിനൊപ്പം മുന്‍ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് ട്രോളുമായി രംഗത്ത് എത്തിയത്.

മഴ നനയാതിരിക്കാൻ
സ്കൂൾ വരാന്തയിൽ
കയറി നിന്നതല്ല...!
ഈ തൊള്ളായിരത്തി
മുന്നൂറ്റി അമ്പത്തിമൂന്നൊക്കെ
ഒരു തെറ്റാണോ മക്കളേ... - എന്നാണ് അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിച്ചത്. ഇത് യുഡിഎഫ് അണികളും മറ്റും ഏറ്റെടുത്തിരുന്നു.

ഇതിന് പിന്നാലെയാണ് ബുധനാഴ്ച വൈകീട്ടോടെ ഇതിന് മറുപടിയുമായി വി ശിവന്‍കുട്ടി രംഗത്ത് എത്തിയത്. അക്കാലത്ത് കുട്ടികൾ വരാന്തയിൽ പോലുമല്ലായിരുന്നു; പാഠഭാഗങ്ങളുടെ ഫോട്ടോസ്റ്റാറ്റ് എടുക്കാൻ പുറത്തായിരുന്നു..! - എന്ന ക്യാപ്ഷനില്‍ 'വരാന്തയിലല്ല, ക്ലാസ് മുറികളിലേക്ക് കയറി കുട്ടികളെ കാണണം, മാറ്റം ചോദിച്ചറിയണം' എന്ന് എഴുതിയ കുട്ടി പാഠപുസ്തകം വായിക്കുന്ന ചിത്രമാണ് മന്ത്രി ശിവന്‍കുട്ടി പോസ്റ്റ് ചെയ്തത്. 

മുന്‍ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബിന്‍റെ കാലത്ത് ഉണ്ടായ പാഠപുസ്തക ക്ഷാമത്തെ സൂചിപ്പിച്ചായിരുന്നു വിദ്യാഭ്യാസ മന്ത്രി റബ്ബിന്‍റെ ട്രോളിന് തിരിച്ചടിച്ചത്. 

നേരത്തെ മന്ത്രി പ്ലസ് ടു റിസല്‍ട്ട് പ്രഖ്യാപനത്തിനിടെ ഒൻപതിനായിരത്തി മുന്നൂറ്റി അൻപത്തി മൂന്ന് എന്ന് വായിക്കേണ്ടതിന് പകരം തൊള്ളായിരത്തി മുന്നൂറ്റി അൻപത്തി മൂന്ന് എന്ന് വായിച്ചത് ട്രോളുകള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിന്റെ വീഡിയോ അടക്കം പ്രചരിപ്പിച്ച് നിരവധി ട്രോളുകൾ വന്നിരുന്നു.

മലയാളം പാഠപുസ്തകങ്ങളിൽ അക്ഷരമാല ഈ വർഷം തന്നെ ഉൾപ്പെടുത്തും: മന്ത്രി വി ശിവൻകുട്ടി

ജലീലിനെതിരെ വീണ്ടും റബ്ബ്; പത്ത് ആരോപണങ്ങള്‍, മറുപടിയുമായി ജലീല്‍; പോര് മുറുകുന്നു