Asianet News MalayalamAsianet News Malayalam

'Ex MP കാര്‍, സമ്പത്ത് പോലും ചിത്രം വ്യാജനാണെന്ന് ഉറപ്പിക്കുന്നില്ല'; CCTV ദൃശ്യം പുറത്ത് വിടട്ടേയെന്നും പികെ ഫിറോസ്

 ചിത്രം വ്യാജമാണെന്ന വാദം ഉയര്‍ന്നതോടെ വിടി ബല്‍റാമും ഷാഫി പറമ്പിലും പോസ്റ്റ് പിന്‍വലിച്ചിരുന്നെങ്കിലും ഫിറോസ് പോസ്റ്റ് പിന്‍വലിച്ചിട്ടില്ല

pk firos explanation on his post about ex mp car photo
Author
Thiruvananthapuram, First Published Jun 16, 2019, 9:56 PM IST

തിരുവനന്തപുരം: എക്സ് എംപി എന്ന് എഴുതിയ കാറുമായി ബന്ധപ്പെട്ട വിവാദത്തില്‍ സത്യം പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് രംഗത്ത്. ചിത്രം വ്യാജമാണെന്ന് സൈബര്‍ സഖാക്കള്‍ വാദിക്കുന്നുണ്ടെങ്കിലും വിവാദത്തില്‍പെട്ട മുന്‍ എം പി സമ്പത്ത് ഇത് നിഷേധിച്ചിട്ടില്ലെന്ന വാദമുയര്‍ത്തിയ ഫിറോസ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നും ആവശ്യപ്പെട്ടു. ചിത്രം വ്യാജമാണെന്ന വാദം ഉയര്‍ന്നതോടെ വിടി ബല്‍റാമും ഷാഫി പറമ്പിലും പോസ്റ്റ് പിന്‍വലിച്ചിരുന്നെങ്കിലും ഫിറോസ് പോസ്റ്റ് പിന്‍വലിച്ചിട്ടില്ല. ചിത്രം വ്യാജമാണെന്ന് തെളിയിച്ചാൽ ആദ്യമിട്ട പോസ്റ്റ് പിൻവലിക്കാനും നിരുപാധികം മാപ്പു പറയാനും തയ്യാറെന്ന് പുതിയ പോസ്റ്റിലൂടെ യൂത്ത് ലീഗ് നേതാവ് വ്യക്തമാക്കി.

പികെ ഫിറോസിന്‍റെ പുതിയ പോസ്റ്റ് പൂര്‍ണരൂപത്തില്‍

'Ex MP' എന്ന ബോർഡ് വെച്ചൊരു കാറിന്റെ ചിത്രമാണ് ഇന്ന് സോഷ്യൽമീഡിയ ഏറ്റവുമധികം ചർച്ച ചെയ്തത്. അന്വേഷണത്തിനൊടുവിൽ എ. സമ്പത്തിന്റേതാണ് കാറെന്നും കണ്ടു പിടിക്കുകയുണ്ടായി. എന്നാൽ ചിത്രം വ്യാജമാണെന്നാണ് സൈബർ സഖാക്കൾ വാദിക്കുന്നത്. സമ്പത്തിന്റെ ഡ്രൈവർ ഫെയിസ് ബുക്ക് പോസ്റ്റിലൂടെ പറയുന്നത് കഴിഞ്ഞ മൂന്നു ദിവസമായി വളയം പിടിച്ചപ്പോൾ ഇങ്ങിനെ ഒരു ബോർഡ് കണ്ടിട്ടില്ലെന്നാണ്. മൂന്ന് ദിവസമായി യാത്ര ചെയ്ത സ്ഥലങ്ങളുടെ പേരും അദ്ദേഹം പറയുന്നുണ്ട്. അതേ സമയം സമ്പത്തിന്റെ വീട്ടിലെത്തിയ ചാനലുകളിലെ റിപ്പോർട്ടർമാരോട് അദ്ദേഹം സംസാരിക്കാൻ തയ്യാറായതുമില്ല. ആകെ സംസാരിച്ചത് ഏഷ്യാനെറ്റ് ഓൺലൈൻ ന്യൂസിനോട് ഫോണിലും!!

ഇനി കാര്യത്തിലേക്ക് കടക്കാം. ഈ കാർ നിർത്തിയിട്ടിരിക്കുന്നത് തിരുവനന്തപുരം എയർപോർട്ടിന്റെ മുമ്പിലാണ്. ഡ്രൈവർ ഫെയിസ്ബുക്ക് പോസ്റ്റിൽ ഇങ്ങിനെ ഒരു എയർപോർട്ടിന്റെ കാര്യം പറയുന്നേ ഇല്ല. ഇനി സമ്പത്ത് പറയുന്നത് നോക്കൂ. ഞാൻ ഇങ്ങിനെ ഒരു കാറിൽ യാത്ര ചെയ്തിട്ടില്ല. ചിത്രം ചിലപ്പോൾ വ്യാജമായിരിക്കാം. നോട്ട് ദ പോയന്റ് 'ചിലപ്പോൾ''. അങ്ങേർക്ക് പോലും ഇത് വ്യാജമാണോ എന്നുറപ്പില്ല.

ഇത്രയും ചർച്ചയായ സ്ഥിതിക്ക് ശ്രീ.സമ്പത്ത് ചില ചോദ്യങ്ങൾക്ക് വിശദീകരണം നൽകേണ്ടതുണ്ട്. 
1) ചിത്രത്തിൽ കാണുന്ന കാർ അദ്ദേഹത്തിന്റേതാണോ?
2) ഈ ചിത്രത്തിൽ കാണുന്ന എയർപോർട്ടിന്റെ മുമ്പിൽ അദ്ദേഹത്തിന്റെ കാർ നിർത്തിയ സമയത്ത് Ex MP എന്ന ബോർഡ് ഘടിപ്പിച്ചില്ല എന്ന് ഉറപ്പിച്ച് പറയാൻ പറ്റുമോ?
3) അങ്ങിനെയെങ്കിൽ എയർപോർട്ട് മാനേജറുമായി സംസാരിച്ച് CCTV ദൃശ്യം പുറത്ത് വിടാൻ അദ്ദേഹം ആവശ്യപ്പെടുമോ?

നേരത്തെ പോസ്റ്റിയ ചിത്രം വ്യാജമാണെന്ന് തെളിയിച്ചാൽ പോസ്റ്റ് പിൻവലിക്കാനും നിരുപാധികം മാപ്പു പറയാനും തയ്യാർ.

 

Follow Us:
Download App:
  • android
  • ios