Asianet News MalayalamAsianet News Malayalam

'അന്തസ്സും അഭിമാനവും ഏതൊരു വ്യക്തിക്കും പ്രധാനമാണ്, താങ്കളത് മറക്കരുത്'; മന്ത്രിയെ വിമര്‍ശിച്ച് പി.കെ ഫിറോസ്

'തന്റെ അധികാരവും പത്രാസുമൊക്കെ ഒരു സാധാരണ ജീവനക്കാരന്റെ മേൽ കാണിച്ചപ്പോ മന്ത്രിക്ക് മന:സുഖം കിട്ടിക്കാണുമോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ മന്ത്രി അടിയന്തിരമായി ഈ ഏർപ്പാട് നിർത്തണം'- ഫിറോസ് കുറിച്ചു.

PK Firos Facebook post criticize Minister PA Mohammed Riyas
Author
Malappuram, First Published Nov 4, 2021, 5:37 PM IST

മലപ്പുറം: കേരളപ്പിറവി ദിനമായ നവംബര്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റസ്റ്റ് ഹൗസുകള്‍ പൊതു ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തിരുന്നു. പൊതുജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസസൌകര്യമൊരുക്കുന്ന പദ്ധതിക്കായി വലിയ മുന്നൊരുക്കങ്ങളാണ് പൊതുമരാമത്ത് വകുപ്പ് നടത്തിയത്. ഓൺലൈൻ ബുക്കിം​ഗ് ആരംഭിക്കാനിരിക്കേ തിരുവനന്തപുരം തൈക്കാട്ടെ ​സ‍ർക്കാർ റസ്റ്റ് ഹൗസിൽ (Thycaud Rest House) മന്ത്രി പി എ മുഹമ്മദ് റിയാസ് (PA Mohammed Riyas)മിന്നൽ പരിശോധന നടത്തിയത് വൈറലായിരുന്നു. മതിയായ സൌകര്യങ്ങളൊരുക്കാത്ത റസ്റ്റ് ഹൗസ് ജീവനക്കാരെ മന്ത്രി ശകാരിക്കുന്ന വീഡിയോ വലിയ ചര്‍ച്ചയായി. എന്നാല്‍ മന്ത്രിയുടെ നടപടി ശരിയായില്ലെന്നും അന്തസ്സും അഭിമാനവുമൊക്കെ ഏതൊരു വ്യക്തിക്കും പ്രധാനമാണെന്നും വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്(PK Firos)

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഫിറോസിന്‍റെ വിമര്‍ശനം. ''മന്ത്രി പി.എ മുഹമ്മദ് റിയാസ് തിരുവനന്തപുരം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് സന്ദർശിക്കുന്ന ഒരു വീഡിയോ കണ്ടു. ഫേസ്ബുക്ക് ലൈവുമായിട്ടാണ് ആളുടെ വരവ്. വന്ന പാടെ റസ്റ്റ് ഹൗസിലെ ജീവനക്കാരനെ കണക്കിന് ശകാരിക്കുന്നുണ്ട്. സർക്കാറിന്റെ തീരുമാനം പൊളിക്കാൻ നടക്കാണോ എന്നൊക്കെയാണ് മന്ത്രി ചോദിക്കുന്നത്. എന്നാൽ കാണട്ടെ എന്നൊക്കെ വെല്ലുവിളിക്കുന്നുമുണ്ട്. തന്റെ അധികാരവും പത്രാസുമൊക്കെ ഒരു സാധാരണ ജീവനക്കാരന്റെ മേൽ കാണിച്ചപ്പോ മന്ത്രിക്ക് മന:സുഖം കിട്ടിക്കാണുമോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ മന്ത്രി അടിയന്തിരമായി ഈ ഏർപ്പാട് നിർത്തണം- ഫിറോസ് കുറിച്ചു.

ഒരു സ്ഥാപനത്തിൽ സന്ദർശനം നടത്തുമ്പോൾ അവിടെ മതിയായ സ്റ്റാഫിനെ സർക്കാർ നിയമിച്ചിട്ടുണ്ടോ എന്ന് തിരക്കണം. ഇല്ലെങ്കിൽ അത് പരിഹരിക്കാനുള്ള നടപടി സ്വീകരിക്കണം. സ്റ്റാഫുണ്ടായിട്ടും ജോലി ചെയ്യുന്നില്ലെങ്കിൽ അതിനുള്ള നടപടി സ്വീകരിക്കണം. അല്ലാതെ ലക്ഷക്കണക്കിന് ആളുകൾ കാണുന്ന സോഷ്യൽ മീഡിയയുടെ മുമ്പിൽ വെച്ച് ഒരാളെ അപമാനിക്കുകയല്ല വേണ്ടത്. ആ സാധു ജീവനക്കാരൻ വിചാരിച്ചാലൊന്നും അങ്ങയുടെ വെല്ലുവിളി ഏറ്റെടുക്കാനുള്ള കെൽപ്പുണ്ടാവില്ല. അധികാരവും പത്രാസുമൊന്നും കാട്ടി ആരെയും പേടിപ്പിക്കരുത്. അന്തസ്സും അഭിമാനവുമൊക്കെ ഏതൊരു വ്യക്തിക്കും പ്രധാനമാണ്. താങ്കളത് മറക്കരുതെന്നും പികെ ഫിറോസ് പറയുന്നു. 

ഒക്ടോബര്‍ 31ന് ആണ് തിരുവനന്തപുരം തൈക്കാട്ടെ ​സ‍ർക്കാർ റസ്റ്റ് ഹൗസിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് മിന്നൽ പരിശോധന നടത്തിയത്.  റസ്റ്റ് ഹൗസ് പരിസരം നടന്നു കണ്ട മന്ത്രി അടുക്കളയും കേറി പരിശോധിച്ചു. റസ്റ്റ് ഹൗസിന് പരിസരത്തെ മാലിന്യം നീക്കം ചെയ്യാത്തതിന് റസ്റ്റ് ഹൗസ് മാനേജറെ മന്ത്രി ശകാരിക്കുകയും ചെയ്തു. പൊതുജനങ്ങൾക്ക് പ്രവേശനം അനുവ​ദിക്കുന്നതിന് മുന്നോടിയായി റസ്റ്റ് ഹൗസുകൾ ശുചിയാക്കണം എന്ന് നേരത്ത തന്നെ പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ് മാനേജർമാരോട് ആവശ്യപ്പെട്ടിരുന്നു. ഇത്ര ദിവസമായിട്ടും ഈ നി‍ർദേശം പാലിക്കാതിരുന്നതാണ് മന്ത്രിയെ ക്ഷുഭിതനാക്കിയത്. റെസ്റ്റ് ഹൗസിൻറെ ചുമതലയുള്ള ഉദ്യോ​ഗസ്ഥനെതിരെ നടപടിയെടുക്കാൻ മന്ത്രി നി‍ർദേശം നൽകി.

സ‍ർക്കാർ എടുത്ത നല്ലൊരു സമീപനത്തെ തകർക്കാനോ അട്ടിമറിക്കാനോ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി പരിശോധനയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. പൊതുജനങ്ങൾക്ക് റസ്റ്റ് ഹൗസുകൾ ലഭ്യമാക്കാനുള്ള തീരുമാനം സ‍ർക്കാർ നേരത്തെ എടുത്തതാണ് ഇതിനു മുന്നോടിയായി റസ്റ്റ് ഹൗസുകൾ ശുചീകരിക്കണമെന്നും അടിയന്തര സൗകര്യങ്ങളെല്ലാം സജ്ജമാക്കണമെന്നും എല്ലാ റസ്റ്റ് ഹൗസുകളിലും അറിയിച്ചതുമാണ്. ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കുന്നതല്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

Read More: തൈക്കാട് റസ്റ്റ് ഹൗസിൽ മിന്നൽ പരിശോധന നടത്തി മന്ത്രി: ശോചനീയാവസ്ഥയിൽ ഉദ്യോ​ഗസ്ഥന് ശകാരം
 

Follow Us:
Download App:
  • android
  • ios