കോഴിക്കോട്: കെ ടി ജലീലിനെ പോലെ കോടിയേരിക്കും തലയിൽ മുണ്ടിട്ട് നടക്കേണ്ട സ്ഥിതിയെന്ന് പികെ ഫിറോസ്. പാർട്ടി സംരക്ഷണം നൽകിയതിനാലാണ് ബിനീഷ് കോടിയേരിക്കെതിരെ ഇതുവരെ അന്വേഷണങ്ങൾ നടക്കാതിരുന്നതെന്നും പി കെ ഫിറോസ് കോഴിക്കോട്ട് പറഞ്ഞു. അതേസമയം കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ബിനീഷ് കോടിയേരിയുടെ സ്വത്ത് വിവരങ്ങളെക്കുറിച്ച് എന്‍ഫോഴ്സമെന്‍റ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബിനീഷിന്‍റെ എല്ലാ  ഭൂസ്വത്തുക്കളുടെയും  കൈമാറ്റം മരവിപ്പിക്കണമെന്നാവശ്യപ്പെട്ട്  രജിസ്ട്രേഷന്‍ ഐജിയ്ക്ക് എന്‍ഫോഴ്സ്മെന്‍റ് നോട്ടീസ് നല്‍കി. സ്വത്ത് വിരവങ്ങൾ പരിശോധിച്ച ശേഷം ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യാനാണ് ഇഡി യുടെ നീക്കം. 

സ്വര്‍ണക്കടത്ത് കേസില്‍ ഈ മാസം ഒന്‍പതിന് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്  12 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. മാരത്തണ്‍ ചോദ്യം ചെയ്യലിന് ശേഷവും  ബിനീഷ് കോടിയേരിക്ക് അന്വേഷണസംഘം ക്ലീന്‍ചിറ്റ്   നല്‍കിയില്ല.  ബിനീഷിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനികളെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും  ആരാഞ്ഞെങ്കിലും വ്യക്തമായ മറുപടി നല്‍കാന്‍ ബിനീഷിന് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ബിനീഷ് കോടിയേരിയുടെ സ്വത്ത് വിവരങ്ങളെക്കുറിച്ച് എന്‍ഫോഴ്സമെന്‍റ് അന്വേഷണം തുടങ്ങിയത്. സ്വത്തുക്കളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ബിനീഷ് കോടിയേരിക്ക് എന്‍ഫോഴ്സ്മെന്‍റ് നോട്ടീസ് നല്‍കി.