തിരുവനന്തപുരം: കഴിഞ്ഞ നാലു വർഷക്കാലത്തെ സംസ്ഥാന സർക്കാരിന്‍റെ എല്ലാ പ്രധാന കരാറുകളെക്കുറിച്ചും കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. ഈ കരാറുകളിലെല്ലാം ശിവശങ്കറിനും സ്വപ്നയ്ക്കുമൊപ്പം മുഖ്യമന്ത്രിയുമായി അടുപ്പമുളള മറ്റൊരാളും ഉണ്ട്. 

കോഴിക്കോട്ട് സാന്ത്വന ചികില്‍സയ്ക്കായി ഉപയോഗിക്കുന്ന ആംബുലന്‍സ് സ്വര്‍ണക്കടത്തിനായി ഉപയോഗിക്കുന്നുണ്ടെന്നും പികെ കൃഷ്ണദാസ് ആരോപിച്ചു. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെടി ജലീലിനുമെതിരെ നിലപാട് കടുപ്പിച്ച് ബിജെപി രംഗത്തെത്തിയിരുന്നു.

മുഖ്യമന്ത്രിയുടെ പങ്ക് കൂടുതൽ തെളിഞ്ഞു വരുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്നലെ ആരോപിച്ചിരുന്നു. മുഖ്യമന്ത്രി നേരിട്ട് കള്ളക്കടത്ത് സംഘവുമായി ബന്ധപ്പെട്ടു. യുഎഇയിലേക്ക് പോയ ഔദ്യോഗിക സംഘത്തിൽ സ്വപ്നയെ എന്തിന് ഒപ്പം കൂട്ടിയെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്നും മന്ത്രി കെടി ജലീൽ ഖുറാന്‍റെ മറവിൽ സ്വര്‍ണ്ണക്കടത്ത് നടത്തുന്നതിന് കൂട്ടുനിന്നെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു.