രണ്ടാം കെട്ടിനുള്ള മുഹബത്ത്, ലീഗിന് ദിവസേന പ്രേമലേഖനം അയക്കുന്ന സിപിഎം, ചർച്ചക്ക് പിന്നിൽ ജലീലെന്നും കൃഷ്ണദാസ്
സി പി എമ്മിനും കോൺഗ്രസിനും മുസ്‌ലിം ലീഗിനോട് അത്ര മുഹബത്താണെന്നും പറഞ്ഞ അദ്ദേഹം, ഈ രണ്ട് പാർട്ടികളും പിരിച്ചുവിട്ട് ലീഗിൽ ലയിക്കുന്നതാണ് നല്ലതെന്നും അഭിപ്രായപ്പെട്ടു

കോഴിക്കോട്: മുസ്ലിം ലീഗിനോട് അടുക്കാൻ ശ്രമിക്കുന്ന സി പി എം നീക്കത്തെ പരിഹസിച്ച് ബി ജെ പി നേതാവ് പി കെ കൃഷ്ണദാസ് രംഗത്ത്. സി പി എം ദിവസേന ലീഗിന് പ്രേമലേഖനം അയക്കുകയാണെന്നാണ് ബി ജെ പി ദേശീയ നിർവാഹക സമിതിയംഗം അഭിപ്രായപ്പെട്ടത്. ലീഗുമായി രണ്ടാം കെട്ടിനുള്ള മുഹബത്താണ് സി പി എമ്മിന് ഇപ്പോഴുള്ളത്. അതിനായി ചർച്ച നടത്തുന്നത് പഴയ സിമി നേതാവ് കെ ടി ജലീലാണെന്നും പി കെ കൃഷ്ണദാസ് അഭിപ്രായപ്പെട്ടു.
മുസ്ലിം ലീഗ് വിഷയത്തിൽ കോൺഗ്രസിനെയും ബി ജെ പി നേതാവ് പരിഹസിച്ചു. കോൺഗ്രസ് ലീഗിനോട് പറയുന്നത് അയ്യോ പോകല്ലേ എന്നാണെന്നായിരുന്നു കൃഷ്ണദാസിന്‍റെ പരിഹാസം. സി പി എമ്മിനും കോൺഗ്രസിനും മുസ്‌ലിം ലീഗിനോട് അത്ര മുഹബത്താണെന്നും പറഞ്ഞ അദ്ദേഹം, ഈ രണ്ട് പാർട്ടികളും പിരിച്ചുവിട്ട് ലീഗിൽ ലയിക്കുന്നതാണ് നല്ലതെന്നും അഭിപ്രായപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം വിഷയത്തിൽ പ്രതികരണവുമായി നേരത്തെ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ ജനങ്ങൾ അനുവഭിക്കുന്ന ജീവൽ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാൻ ഭരണപക്ഷവും പ്രതിപക്ഷവും വർഗീയ രാഷ്ട്രീയം കളിക്കുകയാണെന്നാണ് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍റെ വിമർശനം. പിണറായി സർക്കാരിനെ കൊണ്ട് മലയാളികൾ പൊറുതിമുട്ടിയ സാഹചര്യത്തിലാണ് ഇസ്രേയൽ - ഹമാസ് സംഘർഷത്തെ ഉപയോഗിച്ച് പ്രധാന വിഷയങ്ങൾ മറയ്ക്കാൻ സി പി എം ശ്രമിക്കുന്നതെന്നാണ് സുരേന്ദ്രൻ പറഞ്ഞത്. അഖിലേന്ത്യാതലത്തിൽ 'ഇന്ത്യ' മുന്നണിയുടെ ഭാഗമായ സി പി എമ്മിനെ രക്ഷിക്കാനാണ് മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസ് ശ്രമിക്കുന്നത്. കേരളത്തിലെ ഇടത് ഭരണത്തെ നിലനിർത്തേണ്ടത് രാഹുൽ ഗാന്ധിയുടെ കൂടി ബാധ്യതയാണ്. കേരളത്തിലെ മുസ്ലിംങ്ങളെ ഒരു തരത്തിലും ബാധിക്കാത്ത പാലസ്തീൻ വിഷയം കത്തിച്ച് ലോക്സഭാ തിരഞ്ഞെടുപ്പിൽ വർഗീയ ധ്രുവീകരണമുണ്ടാക്കാമെന്നാണ് സി പി എം കരുതുന്നത്. അതിന് വേണ്ട സഹായമാണ് വി ഡി സതീശൻ അവർക്ക് ഒരുക്കികൊടുക്കുന്നതെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ അഭിപ്രായപ്പെട്ടിരുന്നു.