സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് തോൽവി അവലോകനം പിണറായി വിജയനെ സംരക്ഷിക്കാനാണെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ് ആരോപിച്ചു. ബിജെപി വോട്ട് കോൺഗ്രസിന് മറിച്ചെന്ന സിപിഎം വാദം തെറ്റാണെന്നും, എൽഡിഎഫിന്റെ വോട്ടാണ് കോൺഗ്രസിന് പോയതെന്നും അദ്ദേഹം പറഞ്ഞു
ദില്ലി: സി പി എമ്മിന്റെ തെരെഞ്ഞെടുപ്പ് തോൽവി അവലോകനം വങ്കത്തരവും മര്യാദകേടുമെന്ന് ബി ജെ പി നേതാവ് പി കെ കൃഷ്ണദാസ്. വീഴ്ച മറച്ചുവച്ചും പിണറായിയെ സംരക്ഷിച്ചുമാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രസ്താവന നടത്തുന്നത്. സി പി എമ്മിന്റെ വോട്ട് എവിടെ പോയെന്ന് കണ്ടെത്താതെ ബി ജെ പി കോൺഗ്രസിന് വോട്ട് മറിച്ചു എന്ന വ്യാജ പ്രചാരണമാണ് നടത്തുന്നത്. ബി ജെ പി വോട്ട് കോൺഗ്രസിന് മറിച്ചു എന്നത് കണക്ക് പ്രകാരം തെറ്റാണ്. ബി ജെ പിയും കോൺഗ്രസും ഈ തെരഞ്ഞടുപ്പിൽ വോട്ട് വർധിപ്പിച്ചു. എന്നാൽ എൽ ഡി എഫിന് വോട്ട് കുറയുകയാണ് ഉണ്ടായത്. എൽ ഡി എഫ് വോട്ടാണ് കോൺഗ്രസിന് പോയത്. സി പി എമ്മിന്റെ വോട്ട് എവിടെ പോയി എന്നതിന് അവര് ഉത്തരം പറയണമെന്നും പി കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു.
യോഗിയുടെ സന്ദേശം അങ്ങോട്ട് പോയി വാങ്ങിച്ചതല്ലേ?
തിരുവനന്തപുരത്ത് പരസ്പരം പോരടിച്ചിട്ട് ദില്ലിയിൽ വരുമ്പോൾ ജോൺ ബ്രിട്ടാസ്, കെ സി വേണുഗോപാലിനെ ആലിംഗനം ചെയ്യുന്നു, ഇതെന്ത് രാഷ്ട്രീയമെന്നും അദ്ദേഹം ചോദിച്ചു. വെള്ളാപ്പള്ളി നടേശന്റെയും സുകുമാരൻ നായരുടെയും നേർക്കുള്ള കുതിരകയറ്റം അപകടകരമാണെന്നും, യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവന അങ്ങോട്ട് ചോദിച്ചു വാങ്ങി വായിച്ചിട്ട് ഇപ്പോൾ തോൽവിക്ക് കാരണമായെന്ന് പറയുന്നത് അപഹാസ്യമാണെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി.
