മലപ്പുറം: ബം​ഗളൂരു ലഹരി കടത്ത് കേസ് കേരളവും ​ഗൗരവത്തോടെ കാണണമെന്ന് മുസ്ലീം ലീ​ഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രതികൾക്ക് ഉന്നതതലത്തിൽ നിന്ന് സഹായം കിട്ടുന്നുവെന്നത്   ഗൗരവമുള്ള കാര്യമാണ്. മയക്ക് മരുന്നു കേസ് നിസാരവത്ക്കരിക്കരുത്. സംഭവത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

കർണാടകയിൽ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് മാഫിയയുടെ വേരുണ്ടെങ്കിൽ കണ്ടു പിടിക്കണം, വേരറുക്കണം. പുതിയ വിവരങ്ങളാണ്  വന്നുകൊണ്ടിരിക്കുന്നത്. പി.കെ.ഫിറോസ് പറഞ്ഞതിലേക്കാണ് കാര്യങ്ങൾ വരുന്നതെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. 

മുഖ്യമന്ത്രി പിണറായി വിജയന്റെ ഒപ്പ് സംബന്ധിച്ച ബിജെപി ആരോപണത്തെക്കുറിച്ചും അതിനു പിന്നാലെ മുസ്ലീം ലീ​ഗിനെക്കുറിച്ച്  അദ്ദേഹം പരാമർശിച്ചതു സംബന്ധിച്ചും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ഒപ്പ് വ്യാജമാണെങ്കിൽ അത് ഗൗരവമുള്ള കാര്യമാണ് എന്നാണ് താൻ പറഞ്ഞത്. ഒപ്പ് വ്യാജമല്ലെന്ന് തെളിയിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തമാണ്.  ദേശീയ തലത്തിൽ തന്നെ നേരത്തെ  ബി.ജെ.പിയുടെ ഒക്ക ചങ്ങായിമാരായിട്ടുള്ളത് സി.പി.എമ്മാണ്. മുസ്ലീം ലീഗിൻ്റെ ചങ്ങാതിമാർ യു.ഡി.എഫാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Read More: 'ഒപ്പ് എന്‍റേതുതന്നെ, വ്യാജമല്ല'; വിവാദത്തില്‍ ലീഗിന് ബിജെപിയെ സഹായിക്കാന്‍‌ ആവേശമെന്ന് മുഖ്യമന്ത്രി...

ബിജെപിയുടെ ഒക്കച്ചങ്ങാതിയാണ് മുസ്ലീം ലീഗെന്നാണ് മുഖ്യമന്ത്രി ഇന്നലെ വിശേഷിപ്പിച്ചത്. ബിജെപിയുടെ ആരോപണം 'ഒക്കെ ചങ്ങാതിമാര്‍' എങ്ങനെ ഏറ്റെടുക്കാതിരിക്കും.  ബിജെപി പറഞ്ഞാല്‌ ലീഗും യുഡിഎഫും ഏറ്റെടുക്കും. ആരോപണം ഉന്നയിച്ച ആള്‍ക്ക് ഒരു പക്ഷേ ഇതിലെ സാങ്കേതികത്വം അറിയില്ലായിരിക്കാം. എന്നാല്‍ കുഞ്ഞാലിക്കുട്ടിക്ക് അറിയാതിരിക്കാന്‍ വഴിയില്ല. കോണ്‍ഗ്രസിനെക്കാളും വാശിയില്‍‌ ലീഗാണ് ചില കാര്യങ്ങളില്‍ ബിജെപിയെ സഹായിക്കുന്നത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. 

Read More: മുസ്ലിം ലീഗിനെ പിണറായി വിശേഷിപ്പിച്ച 'ഒക്കച്ചങ്ങായി' ആരാണ്...