മലപ്പുറം: അഴീക്കോട് സ്കൂളുമായി ബന്ധപ്പെട്ട് കെഎം ഷാജിക്കെതിരായ 25 ലക്ഷത്തിന്റെ കോഴക്കേസ്  രാഷ്ട്രീയ പ്രേരിതമെന്ന് ആരോപിച്ച് പികെ കുഞ്ഞാലിക്കുട്ടി എംപിയും രംഗത്ത്. മുസ്ലിം ലീഗിന്റെ പൂർണ്ണ പിന്തുണ കെഎം ഷാജിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷ ചോദ്യങ്ങളോടുള്ള അസഹിഷ്ണുതയാണ് സംസ്ഥാന സർക്കാർ കാണിക്കുന്നതെന്ന് എംപി കുറ്റപ്പെടുത്തി. അന്വേഷണത്തിന് ഉത്തരവിട്ടത് സർക്കാരിന്റെ പ്രതികാര നടപടിയാണ്. ഈ കോഴ ആരോപണവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന് ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം ഒരു സംശയം ചോദിച്ചാൽ മറുപടി പറയുകയാണ് വേണ്ടതെന്ന് കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയെ പരാമർശിച്ച് പറഞ്ഞു. അല്ലാതെ പ്രതികാര നടപടികളല്ല സ്വീകരിക്കേണ്ടത്. സർക്കാരിന്റെയും അന്വേഷണ ഏജൻസികളുടെയും വിശ്വാസ്യത ഇത്തരം നടപടികൾ തകർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.