'വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന പദ്ധതിയാണ് സിൽവർ ലൈൻ. സർക്കാർ പറയുന്ന തുകയല്ല പദ്ധതിയുടെ യഥാർഥ ചിലവ്'.

തിരുവനന്തപുരം: സിൽവർ ലൈൻ (Silver Line)പദ്ധതിക്കെതിരെ പ്രതിപക്ഷം വിമർശനം കടുപ്പിക്കുകയാണ്. കല്ലിടലിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിനൊപ്പം സംസ്ഥാനത്തെ വലിയ കടക്കെണിയിലാക്കുന്ന പദ്ധതിയെന്ന ആരോപണത്തിലൂന്നിയാണ് പ്രതിപക്ഷത്തിന്റെ പ്രതികരണങ്ങൾ. പദ്ധതിയുടെ സാമ്പത്തിക ബാധ്യത സംസ്ഥാന സർക്കാരിന് താങ്ങാനാവില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി എംഎൽഎ വിമർശിച്ചു. വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന പദ്ധതിയാണ് സിൽവർ ലൈൻ. സർക്കാർ പറയുന്ന തുകയല്ല പദ്ധതിയുടെ യഥാർഥ ചിലവ്. ശ്രീലങ്കയിൽ സംഭവിച്ചത് മാത്യകയായി നമുക്ക് മുന്നിലുണ്ട്. അത്തരത്തിലൊരു സാമ്പത്തിക പ്രതിസന്ധി കേരളത്തിലുമുണ്ടായേക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സിൽവർ ലൈനിൽ നടക്കുന്നത് രാഷ്ട്രീയ സമരമല്ല. പദ്ധതിയുടെ ഇരകളാണ് സമരം നടത്തുന്നത്. സമരത്തിൽ ലീഗും സജീവമായി പങ്കെടുക്കുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

'കല്ലിടുന്നത് റവന്യൂവകുപ്പ് അല്ല, നിര്‍ദ്ദേശം നല്‍കിയിട്ടില്ല', കെ റെയില്‍ വാദം തള്ളി റവന്യൂ മന്ത്രി

കെ റെയില്‍ പ്രതിഷേധം സര്‍ക്കാര്‍ കണക്കിലെടുക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആവശ്യപ്പെട്ടു. പദ്ധതി കേരളത്തിന് ഗുണം ചെയ്യില്ല. ഹൈ സ്പീഡ് റെയിൽ കേരളത്തിന്‍റെ പശ്ചാത്തലത്തിൽ നടപ്പാക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയാണ് യുഡിഎഫ് സർക്കാർ വേണ്ടെന്നുവച്ചത്. വിഴിഞ്ഞം പദ്ധതി പോലും ഇതുവരെ റോ മെറ്റീരിയൽസ് ഇല്ലാത്തതിനാൽ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. പ്രതിഷേധങ്ങളെത്തുടർന്ന് ഒരു പദ്ധതി മാറ്റിവെക്കുന്നത് നാണക്കേടോ ബലഹീനതയോ ആയി സർക്കാർ കണക്കാക്കണ്ടതില്ല. വ്യത്യസ്ത അഭിപ്രായങ്ങളെ കണക്കിലെടുക്കേണ്ടത് സർക്കാരിന്‍റെ കടമയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കണ്ണൂർ എയർപോർട്ട്, കൊച്ചി മെട്രോ, നെടുമ്പാശ്ശേരി എയർപോർട്ട് എന്നിവ യുഡിഎഫ് സർക്കാരിന്‍റെ ഇച്ഛാശക്തിക്ക് ഉദാഹരണമാണ്. വികസന കാര്യത്തിൽ യുഡിഎഫ് പ്രത്യേക താൽപ്പര്യം എടുത്തിട്ടുണ്ട്. പക്ഷേ ജനങ്ങളുടെ പ്രതിഷേധം വരുമ്പോൾ കണ്ടില്ലെന്ന് നടിക്കില്ലെന്നും ഉമ്മൻ ചാണ്ടി വിശദീകരിച്ചു.