എൻഎസ്എസ് വർഗീയ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും സമദൂരമാണ് അവരുടെ നയമെന്നും പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.
കോഴിക്കോട് : എൻഎസ്എസ് ഒരു കാലത്തും വർഗീയ നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. സമദൂരം എന്ന ആശയമാണ് എൻഎസ്എസ് കാലങ്ങളായി സ്വീകരിച്ച് വരുന്നത്. എസ് എൻ ഡിപിയും ഒരുകാലത്ത് അങ്ങനെയായിരുന്നുവെങ്കിലും പിന്നീട് വ്യതിയാനം സംഭവിച്ചു. രാഷ്ട്രീയ ലക്ഷ്യത്തോടെയായിരുന്നു സാമുദായിക ഐക്യ നീക്കം. എൻഎസ്എസ് അത് മനസിലാക്കിയാണ് പിന്മാറിയതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു,
ഐക്യ നീക്കം പൊളിയാൻ കാരണം 'തുഷാർ ദൂതൻ'
പതിനാറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് എസ് എൻ ഡി പി - എൻ എസ് എസ് സംഘടനകൾ സാമുദായിക ഐക്യത്തിന്‍റെ കാഹളം മുഴക്കിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ രൂക്ഷ വിമർശനങ്ങളുയർത്തുന്നതിനിടെയായിരുന്നു എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരും കൈകോർക്കാൻ തീരുമാനിച്ചത്. സാമുദായി ഐക്യം കാലഘട്ടത്തിന്‍റെ ആവശ്യം എന്നായിരുന്നു ഇരുവരുടെയും പക്ഷം. ജനുവരി 18 ന് കേരളമാകെ ആ ഐക്യകാഹളവും കേട്ടു. സുകുമാരൻ നായരും വെള്ളാപ്പള്ളിയും ഒരേ സ്വരത്തിൽ സാമുദായിക ഐക്യത്തിന് ആഹ്വാനം ചെയ്തു. ഇതോടെ 16 വർഷത്തിന് ശേഷം എൻ എസ് എസും എസ് എൻ ഡി പിയും കൈകോർക്കും എന്നും ഏവരും ഉറപ്പിച്ചു. എന്നാൽ കേവലം എട്ട് ദിവസം പിന്നിടുമ്പോൾ ഐക്യനീക്കം തകർന്നടിഞ്ഞതിനാണ് കേരളം സാക്ഷ്യം വഹിച്ചിരിക്കുന്നത്. സാമുദായിക ഐക്യനീക്കം തകരാൻ ഒരേ ഒരു കാരണമെന്നാണ് എൻ എസ് എസും ജനറൽ സെക്രട്ടറി സുകുമാരൻ നായരും പറയുന്നത്.
ഐക്യത്തിന്‍റെ ദൂതനായി വെള്ളാപ്പള്ളി മകൻ തുഷാറിനെ നിയോഗിച്ചതിലെ രാഷ്ട്രീയ ലക്ഷ്യം തിരിച്ചറിഞ്ഞാണ് എൻ എസ് എസ് പിന്മാറുന്നതെന്ന് ജനറൽ സെക്രട്ടറി തുറന്നടിച്ചു. ഐക്യ ദൂതുമായി പെരുന്നയിൽ തുഷാർ എത്തിയാൽ മകനെ പോലെ സ്വീകരിക്കുമെന്ന് ആദ്യം പറഞ്ഞ സുകുമാരൻ നായർ തന്നെ ഐക്യനീക്കം ഉപേക്ഷിക്കാൻ നേരിട്ട് പ്രമേയം അവതരിപ്പിച്ചതും അതുകൊണ്ടാണ്. ബി ജെ പി മുന്നണിയായ എൻ ഡി എയുടെ പ്രമുഖ നേതാവായ തുഷാർ, തെരഞ്ഞെടുപ്പ് കാലത്ത് സാമുദായിക ഐക്യദൂതുമായി എത്തുന്നതിന് പിന്നിലെ രാഷ്ട്രീയം വ്യക്തമാണെന്ന് പറഞ്ഞുകൊണ്ടാണ് സുകുമാരൻ നായർ പിന്മാറ്റം പ്രഖ്യാപിച്ചത്.


