Asianet News MalayalamAsianet News Malayalam

'പരാതി പരിശോധിക്കുന്നു', നടപടിയുണ്ടാകുമെന്ന് കുഞ്ഞാലിക്കുട്ടി, ഹരിത നേതാക്കൾ പാണക്കാട്ടേക്ക്

 പരാതി ഉന്നയിച്ച ഹരിത നേതാക്കളെ പാണക്കാട്ടേക്ക് വിളിപ്പിച്ചു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവറലി ശിഹാബ് തങ്ങളാണ് ഹരിതഭാരവാഹികളോട് പാണക്കാട് എത്താൻ ആവശ്യപെട്ടത്.

pk kunhalikutty response over haritha leaders complaints against msf leaders
Author
Thiruvananthapuram, First Published Aug 14, 2021, 12:42 PM IST

തിരുവനന്തപുരം:എംഎസ്എഫ് നേതാക്കൾ ലൈംഗികാധിക്ഷേപം നടത്തിയെന്നതടക്കമുളള ഹരിത അംഗങ്ങളുടെ പരാതിയിൽ ഉടൻ നടപടിയെന്ന് പികെ കുഞ്ഞാലിക്കുട്ടി. പാർട്ടി ഇക്കാര്യം പരിശോധിക്കും. തീരുമാനം പിഎംഎ സലാം അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരാതി ഉന്നയിച്ച ഹരിത നേതാക്കളെ പാണക്കാട്ടേക്ക് വിളിപ്പിച്ചു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവറലി ശിഹാബ് തങ്ങളാണ് ഹരിതഭാരവാഹികളോട് പാണക്കാട് എത്താൻ ആവശ്യപെട്ടത്. വൈകിട്ട് 4 മണിക്ക് മുനവറലി ശിഹാബ് തങ്ങൾ ഹരിതഭാരവാഹികളുമായി ചർച്ച നടത്തും. 

10 ഹരിതാ നേതാക്കൾ വനിതാ കമ്മീഷന് പരാതി നൽകിയതോടെയാണ് വിഷയം ചർച്ചയായത് ഇതോടെ ഒത്തുതീർപ്പ് ശ്രമത്തിന് മുസ്ലീം ലീഗിൽ തിരക്കിട്ട നീക്കം ആരംഭിച്ചു. എം.എസ്.എഫ് -ഹരിത നേതാക്കളുമായി കൂടിയാലോചിച്ച് ഒത്തുതീർപ്പുണ്ടാക്കാനാണ് ലീഗ് നേതൃത്വം ശ്രമിക്കുന്നത്. വിഷയം കൈകാര്യം ചെയ്തതിൽ എംഎസ്എഫ് നേതാക്കൾക്ക്‌ വീഴ്ച്ചയുണ്ടായെന്നും മുസ്ലീം ലീഗ് നേതൃത്വത്തിന് അഭിപ്രായമുണ്ട്. ഇരുവിഭാഗത്തിനും താക്കീത് നൽകി പ്രശ്നം അവസാനിപ്പിക്കാനാണ് നീക്കമെന്നും വിവരമുണ്ട്. 

എംഎസ്എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി സംഘടനയിലെ വനിതാ വിഭാഗത്തിലെ നേതാക്കളാണ് വനിതാ കമ്മീഷന് പരാതി നല്‍കിയത്. സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി അബ്ദുള്‍ വഹാബും ലൈംഗീക അധിക്ഷേപം നടത്തിയെന്ന് കാട്ടി നല്‍കിയ പരാതി ലീഗ് നേതൃത്വം അവഗണിച്ചതോടെയാണ് 10 വനിതാ നേതാക്കള്‍ കമ്മീഷനെ സമീപിച്ചത്.  

ജൂണ്‍ 22ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെയാണ് സംഭവം നടന്നത്. ഹരിതയിലെ സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഘട്ടത്തില്‍ ഹരിത നേതാക്കളുടെ അഭിപ്രായം തേടിയ നവാസ് പറഞ്ഞത് വേശ്യയ്ക്കും വേശ്യയുടെ അഭിപ്രായം കാണും എന്നാണ്. സമാനമായ രീതിയിലായിരുന്നു അബ്ദുള്‍ വഹാബിന്‍റെയും പ്രതികരണം. എംഎസ്എഫില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ ലൈംഗീക ചുവയോടെ ചിത്രീകരിക്കുകയും ദുരാരോപണങ്ങള്‍ ഉന്നയിച്ച് മാനസികമായും സംഘടനാ പരമായും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു

മുസ്ലിം ലീഗ് നേതൃത്വത്തിന് നേരത്തെ നല്‍കിയ പരാതിയില്‍ കൂടുതല്‍ ഗുരുരമായ ആരോപണങ്ങളാണുളളത്. ഹരിത പ്രവര്‍ത്തകര്‍ വിവാഹം കഴിക്കാത്തവരാണെന്നും വിവാഹം കഴിഞ്ഞാല്‍ കുട്ടികളുണ്ടാകാന്‍ സമ്മതിക്കാത്തവരാണെന്നും പ്രത്യേക തരം ഫെമിനിസം പാര്‍ട്ടിയില്‍ വളര്‍ത്തുകയാണെന്നുമുളള തരത്തിലാണ് അധിക്ഷേപം. തങ്ങള്‍ പറയുന്നതേ ചെയ്യാവൂ എന്നാണ് എംഎസ്എഫ് നേതാക്കളുടെ ഭാവം. ഈ പരാതിയില്‍ ലീഗ് നേതൃത്വം യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹര്യത്തിലാണ് ഹരിത നേതാക്കള്‍ വനിത കമ്മീഷനെ സമീപിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

Follow Us:
Download App:
  • android
  • ios