Asianet News MalayalamAsianet News Malayalam

എട്ട് വര്‍ഷമായി മുടങ്ങാതെ ലോട്ടറി എടുക്കുന്നു; ഒടുവില്‍ 'കാരുണ്യ' ഭാഗ്യദേവതയായി, ഒന്നാം സമ്മാനം ഈ ആലപ്പുഴക്കാരന്

ഭാ​ഗ്യം തുണച്ചുവെന്ന് രാജേഷിന് ആദ്യം വിശ്വസിക്കാനായില്ല. ഒടുവിൽ സുഹൃത്തുക്കളോട് പറഞ്ഞ് നമ്പറുകൾ ഒത്തുനോക്കി ഉറപ്പുവരുത്തുകയായിരുന്നു.

pk rajesh karunya plus lottery winner in alappuzha
Author
Alappuzha, First Published Jan 13, 2020, 5:20 PM IST

കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയിലൂടെ ലക്ഷപ്രഭുവായ സന്തോഷത്തിലാണ് ആലപ്പുഴക്കാരൻ രാജേഷ്. പതിവായി ലോട്ടറി എടുക്കാറുണ്ടെങ്കിലും, രാജേഷ് ഒരിക്കലും പ്രതീക്ഷിച്ചില്ല ഇത്തവണ ഭാഗ്യം തന്റെ കൂടെ ഉണ്ടാകുമെന്ന്. പികെ 337608 നമ്പര്‍ ടിക്കറ്റിലൂടെയാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ രാജേഷിനെ തേടി എത്തിയത്.

പുന്നപ്ര ചെന്നക്കൽ സ്വദേശിയാണ് രാജേഷ്. കഴിഞ്ഞ എട്ട് വർഷത്തോളമായി എല്ലാം ദിവസവും ലോട്ടറി എടുക്കാറുണ്ടെന്ന് രാജേഷ് പറയുന്നു. ഷാജി എന്ന ലോട്ടറിക്കാരനിൽ നിന്നാണ് എന്നും രാജേഷ് ഭാ​ഗ്യക്കുറി വാങ്ങാറ്. തന്നെ ലക്ഷപ്രഭുവാക്കിയ ടിക്കറ്റെടുത്തതും ഷാജിയിൽ നിന്നുതന്നെ. 25 ടിക്കറ്റുകളാണ് അന്ന് രാജേഷ് എടുത്തത്. ഒന്നാം സമ്മാനത്തിന് പുറമെ 1000 രൂപയുടെ രണ്ട് സമ്മാനവും 500, 100 രൂപയുടെ ഓരോ സമ്മാനവും രാജേഷിന് സ്വന്തമായി.

'ഞാൻ ആയിരം രൂപക്ക് മുകളിലും ലോട്ടറി ടിക്കറ്റുകൾ എടുക്കാറുണ്ട്. ഇത്രയും തുക മുടക്കി ലോട്ടറി എടുക്കുന്നതിൽ ഭാര്യ രാധിക വഴക്കുപറയാറുണ്ട്. അവൾ കാണാതെ ലോട്ടറി വാങ്ങി വണ്ടിയിലോ അലമാരയിലോ ഒളിപ്പിച്ച് വെയ്ക്കും. ലോട്ടറി അടിച്ചപ്പോഴാണ് ഞാൻ ഇത്രയും ടിക്കറ്റ് എടുത്തത് അവൾ അറിയുന്നത്' രാജേഷ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറയുന്നു.

ഇന്റർലോക്ക് ടെയിലുകൾ പാകുന്ന ജോലിക്കാരനാണ് രാജേഷ്. ജോലി കഴിഞ്ഞ് വരുന്ന വഴിക്കാണ് രാജേഷ് ലോട്ടറി എടുക്കാറുള്ളത്. ഷാജിയിൽ നിന്നുമാത്രമല്ല, വൈകല്യമുള്ള കച്ചവടക്കാരിൽ നിന്നും രാജേഷ് ലോട്ടറി എടുക്കാറുണ്ട്.

ഫോണിലൂടെയാണ് തനിക്ക് ഭാ​ഗ്യം ലഭിച്ച വിവരം രാജേഷ് അറിയുന്നത്. എന്നാൽ, ഭാ​ഗ്യം തുണച്ചുവെന്ന് ആദ്യം അദ്ദേഹത്തിന് വിശ്വസിക്കാനായില്ല. ഒടുവിൽ സുഹൃത്തുക്കളോട് പറഞ്ഞ് നമ്പറുകൾ ഒത്തുനോക്കി ഉറപ്പുവരുത്തുകയായിരുന്നു. 'ഭാ​ഗ്യം എപ്പോഴെങ്കിലും എന്നെ തേടിവരുമെന്ന് ഉറപ്പുണ്ടായിരുന്നു. പക്ഷേ ഒന്നാം സമ്മാനം ലഭിച്ചത് ഒട്ടും പ്രതീക്ഷിക്കാതെയാണ്' രാജേഷ് പറയുന്നു.

തന്റെയും സഹോദരിയുടെയും വീടുകൾ പുതുക്കി പണിയുന്നതിനോടൊപ്പം മകൾ ദേവികയുടെ പേരിൽ കുറച്ച് തുക ബാങ്കിൽ ഇടണമെന്നാണ് രാജേഷിന്റെ ആ​ഗ്രഹം. ആറാം ക്ലാസിലാണ് ദേവിക പഠിക്കുന്നത്. ആലപ്പുഴയിൽ ഒരു ടെക്സ്റ്റൈൽസിൽ ജോലി നോക്കുകയാണ് രാജേഷിന്‍റെ ഭാര്യ രാധിക. കാരുണ്യയുടെ ഒന്നാം സമ്മാനം ലഭിച്ചുവെങ്കിലും ഇനിയും ഭാ​ഗ്യം പരീക്ഷിക്കാൻ തന്നെയാണ് രാജേഷിന്റെ തീരുമാനം.

Follow Us:
Download App:
  • android
  • ios