പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥിക്ക് ഉത്തരക്കടലാസുകളുടെ പകർപ്പും അഭിമുഖത്തിന്റെ മാർക്ക് വിവരങ്ങളും ലഭ്യമാക്കാത്തത് തീർത്തും നിരുത്തരവാദപരമാണെന്ന് വിവരാവകാശ കമ്മീഷൻ
തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകത്തതിൽ കേരള പബ്ലിക് സർവീസ് കമ്മീഷന് വിവരാവകാശ കമ്മീഷന്റെ കടുത്ത വിമർശനം. പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥിക്ക് ഉത്തരക്കടലാസുകളുടെ പകർപ്പും അഭിമുഖത്തിന്റെ മാർക്ക് വിവരങ്ങളും ലഭ്യമാക്കാത്തത് തീർത്തും നിരുത്തരവാദപരമാണെന്ന് കമ്മീഷൻ വ്യക്തമാക്കി. വിവരങ്ങൾ കൈമാറാനുള്ള മുൻ ഉത്തരവ് ഉദ്യോഗസ്ഥൻ മനപ്പൂർവ്വം അട്ടിമറിക്കുകയാണെന്നും, ഇത് വിവരാവകാശ നിയമത്തോടുള്ള വെല്ലുവിളിയാണെന്നും കമ്മീഷൻ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ ഇൻഫർമേഷൻ ഓഫീസർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകുകയും പി എസ് സിയ്ക്ക് നോട്ടീസ് അയക്കുകയും ചെയ്തു.
ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുള്ള വീഴ്ച ഗൗരവമായി കാണുന്നതായും എന്നാൽ ഉദ്യോഗസ്ഥന് ഒരവസരം കൂടി നൽകുകയാണെന്നും കമ്മീഷൻ അറിയിച്ചു. ആഗസ്റ്റ് 10നകം ആവശ്യപ്പെട്ട മുഴുവൻ വിവരങ്ങളും ഉദ്യോഗാർത്ഥിക്ക് കൈമാറി കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് പിഎസ്‌സിക്ക് നൽകിയിരിക്കുന്ന കർശന നിർദ്ദേശം. പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥിക്കാണ് ഉത്തരക്കടലാസുകളുടെ പകർപ്പും അഭിമുഖത്തിന്റെ മാർക്ക് വിവരങ്ങളും കൈമാറേണ്ടത്.


