ട്രാൻസ്മെൻ, ട്രാൻസ് വുമൻ തുടങ്ങിയ വിഭാഗങ്ങളെ അംഗീകരിക്കാത്ത ഈ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നും ഇത് റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

കൊച്ചി: ട്രാൻസ്ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമഭേദഗതി ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹർജി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. എറണാകുളം, പാലക്കാട് സ്വദേശികളായ ട്രാൻസ്ജെൻഡർ വ്യക്തികളാണ് ഹർജി നൽകിയിരിക്കുന്നത്. നിയമ ഭേദഗതി ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ലഭ്യമായിരുന്ന അവകാശങ്ങൾ നിഷേധിക്കുന്നതാണെന്നാണ് ഹർജിയിലെ ആരോപണം. ഭേദഗതിയിലൂടെ ലിംഗസ്വത്വം സ്വയം പ്രഖ്യാപിക്കാനുള്ള അവകാശം ഇല്ലാതായതിനെതിരെയാണ് ഹർജി. ട്രാൻസ്ജെൻഡർ വ്യക്തിയെ നിയമം കൃത്യമായി നിർവചിക്കുന്നില്ലെന്നും, ഇതോടെ ചികിത്സ ഉൾപ്പെടെയുള്ള അടിസ്ഥാന സേവനങ്ങൾ പോലും നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടായിരിക്കുന്നതായും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ട്രാൻസ്മെൻ, ട്രാൻസ് വുമൻ തുടങ്ങിയ വിഭാഗങ്ങളെ അംഗീകരിക്കാത്ത ഈ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നും ഇത് റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.