Asianet News MalayalamAsianet News Malayalam

മോദി സ്തുതിയിൽ ഉറച്ച് നിൽക്കുന്നു; വിശദീകരണം ചോദിച്ച കോൺഗ്രസിന് അബ്ദുള്ളക്കുട്ടിയുടെ മറുപടി

മുമ്പും മോദിയെ പുകഴ്ത്തിയിട്ടുണ്ട്. അക്കാര്യം പാര്‍ട്ടിയിലെടുക്കും മുമ്പ് ആലോചിക്കാത്തതെന്ത് എന്ന് കോൺഗ്രസിനോട് അബ്ദുള്ളക്കുട്ടി. 

pleasing modi fb post abdullakkutty in string stand congress may dismiss today
Author
Kannur, First Published Jun 3, 2019, 11:04 AM IST

കണ്ണൂര്‍ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി എഫ്ബി പോസ്റ്റിട്ടതിന് കെപിസിസി ആവശ്യപ്പെട്ട വിശദീകരണത്തിന് മറുപടിയുമായി എപി അബ്ദുള്ളക്കുട്ടി. ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നരേന്ദ്രമോദിയെ പുകഴ്ത്തി  അബ്ദുള്ളക്കുട്ടിയുടെ പരാമര്‍ശം വൻ വിവാദമായതോടെയാണ് കെപിസിസി ഇക്കാര്യത്തിൽ വിശദീകരണം തേടിയത്. പാര്‍ട്ടിയിൽ നിന്ന് പുറത്താക്കുന്നതിനുള്ള തീരുമാനവുമായി കോൺഗ്രസ് നേതൃത്വം മുന്നോട്ട് പോകുന്നതിനിടെയാണ് മോദിയെ പ്രകീര്‍ത്തിക്കുന്ന എഫ്ബി പോസ്റ്റിൽ ന്യായീകരണവുമായി അബ്ദുള്ളക്കുട്ടി രംഗത്തെത്തുന്നത് എന്നതും ശ്രദ്ധേയമാണ്. 

അബ്ദുള്ളക്കുട്ടിയുടെ വിശദീകരണം ഇങ്ങനെ: 

"കെപിസിസി പ്രസിഡന്‍റെ  മുല്ലപള്ളി രാമചന്ദ്രൻ അയച്ച വിശദീകരണ നോട്ടീസ് കിട്ടി. ഗാന്ധിയോട് മോദിയെ ചേർത്ത് പുകഴ്ത്തി ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ടതിന്‍റെ പേരിൽ പാർട്ടിയിൽ കേവലം മൂന്നണ മെമ്പർ മാത്രമായ, ഒരു ഭാരവാഹിയുമല്ലാത്ത എന്നോട് പാർട്ടി ചട്ടമനുസരിച്ച് വിശദീകരണം ചോദിക്കേണ്ടത്  കെപിസിസി തന്നെയാണോ? എന്ന സാങ്കേതികത്വം പറഞ്ഞ് ,അതിൽ പിടിച്ച് തൂങ്ങി മറുപടി അയക്കാതിരിക്കുന്നില്ല

ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല. അനാവശ്യ വിവാദങ്ങൾ മാത്രമാണ് ഉണ്ടായത്. ഫെയ്സ് ബുക്ക് പോസ്റ്റ് അതിലെ ഒരോ വരികളേയും  സാക്ഷി പറയിപ്പിക്കാൻ എനിക് ഉറപ്പുണ്ട്, കോൺഗ്രസ്സ്  വിഭാവനം ചെയ്യുന്നത് പോലെ..."മനസാക്ഷിക്ക് ശരിയെന്ന് തോന്നത് സത്യസന്ധമായി നിർഭയമായി  പറയാൻ ഒരോ അംഗത്തിനും അവകാശമുണ്ട് " 

എന്‍റെ എഫ്ബി പോസ്റ്റ് വരികൾക്കിടയിൽ വായിച്ചാൽ മോദിയെക്കാൾ മഹാത്മാ ഗാന്ധിയെയാണ് വാഴ്ത്തുന്നത്... എന്ന് മനസ്സിലാകും. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ്സിന്‍റെ  പരാജയത്തിന്‍റെ  ആഴം  പഠിക്കുന്നതിന് ബിജെപി യുടെ വിജയത്തിന്‍റെ ഉയരം മനസ്സിലാക്കണം ,ആ സദുദ്ദേശത്തോടെയാണ് എന്‍റെ  എഫ്ബി കുറിപ്പ്. എന്നിട്ടും എന്നെ വിളിച്ചു ഒരു വാക്ക് ചോദിക്കുന്നതിന് മുമ്പ് മുല്ലപ്പള്ളി രാമചന്ദ്രൻ മുൻവിധിയോടെയാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്...അത്  ഇങ്ങനെയായിരുന്നു  "വിശദീകരണം ചോദിക്കേണ്ട ആവിശ്യം പോലും ഉദിക്കുന്നില്ല. എങ്കിലും ഒരു മര്യാദയുടെ പേരിൽ നോട്ടീസ് അയക്കുന്നു...

തൊട്ട് പിന്നാലെ വീക്ഷണം പത്രം എഡിറ്റോറിയൽ എഴുതി കുറ്റപത്രം മാത്രമല്ല പുറത്താക്കൽ വിധിയും  പ്രഖാപിച്ചു.  വി എം സുധീരൻ എന്നെ പാർട്ടിയിൽ എടുത്തത് തന്നെ മഹാ അബദ്ധമായിപ്പോയി എന്ന് പറഞ്ഞു പരിഹസിച്ചു വൈര്യനിര്യാതന ബുദ്ധിയോടെയാണ് വി എം പ്രതികരിച്ചത്. പണ്ട് നാല് വരിപാത 2 G സ്പക്ട്രത്തെക്കാൾ വലിയ അഴിമതിയാണ് എന്ന് പറഞ്ഞതിനെ ചോദ്യം ചെയ്തിനാണ് ഈ വിരോധം തുടരുന്നത്.  നേതാക്കളുടെ പരസ്യ പ്രസ്താവനക്കും, പാർട്ടി മുഖപത്രത്തിന്‍റെ  ആക്ഷേപത്തിനും ശേഷം ഈ വിശദീകരണ നോട്ടീസിന് എന്തർത്ഥമാണ് ഉള്ളത്? എന്ത് ന്യായമാണ്? ഇതെക്കെ ജനാധിപത്യ പാർട്ടിക്ക് ഭൂഷണമാണോ?

അങ്ങയുടെ കത്തിൽ കണ്ടു മുമ്പും മോദിയെ പ്രശംസിച്ചിട്ടുണ്ടെന്ന് , അന്ന് പാർട്ടിയിൽ എടുക്കുമ്പോൾ ആലോചിക്കേണ്ടതല്ലെ
അക്കാര്യം! കണ്ണൂർ ഉപതെരഞ്ഞെടുപ് സമയത്ത് അഡ്വ. ആസിഫലിയും കെ സുധാകരനും ഗുജ്റാത്ത് വികസന മാതൃക തിരുത്തി പറയാൻ പലകുറി നിർബന്ധിച്ചിരുന്നു ഞാൻ അതിന് തയ്യാറായിട്ടില്ല എന്ന് മാത്രമല്ല ആ നിലപാട് പുതിയ തലമുറക്ക് ഇഷ്ടമാണ്  എന്ന് ' പറഞ്ഞയാളാണ് ഞാൻ ആ തിരഞ്ഞെടുപ്പിലെ വൻ ഭൂരിപക്ഷം അതാണ് സൂചിപിക്കുന്നത്. 

അത് കൊണ്ട് എന്‍റെ നിലപാട്‌ അന്നും ഇന്നും ഒന്നാണ് ,എഫ്ബി പോസ്റ്റിൽ ഞാൻ ഉറച്ച് നിൽക്കുന്നു

സ്റ്റേഹപൂർവ്വം ഏ പി അബ്ദുള്ളക്കുട്ടി" 

നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയുടെ, വികസന അജണ്ടയുടെ അംഗീകാരമാണ് ബിജെപിക്ക് മഹാവിജയം നേടിക്കൊടുത്തതെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഗാന്ധിയന്‍ മൂല്യം മോദിയുടെ ഭരണത്തിലുണ്ട്.

ഗാന്ധിയുടെ നാട്ടുകാരൻ മോദി തന്‍റെ ഭരണത്തിൽ ആ മൂല്യങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. നിങ്ങൾ ഒരു നയം ആവിഷ്ക്കരിക്കുമ്പോൾ ജീവിതത്തിൽ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്‍റെ മുഖം ഓർമ്മിക്കുക എന്ന് ഗാന്ധി പറഞ്ഞിട്ടുണ്ട്. മോദി അത് കൃത്യമായി നിർവ്വഹിച്ചതായും അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടിരുന്നു.

മോദിയെ പുകഴ്ത്തിയ എ പി അബ്ദുള്ളക്കുട്ടിയ്ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കേണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. കോൺഗ്രസിൽ നിന്ന് ആനുകൂല്യം കിട്ടിയതിന്‍റെ മര്യാദ കാണിക്കുന്നില്ലെന്നും കോൺഗ്രസുകാരുടെ മനസിൽ അബ്ദുള്ളക്കുട്ടിക്ക് സ്ഥാനമില്ലെന്നും വി എം സുധീരന്‍ കുറ്റപ്പെടുത്തി. 

അതേ സമയം എപി അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കുന്നതിനുള്ള നടപടി ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് കരുതുന്നത്. 

Follow Us:
Download App:
  • android
  • ios