കോഴിക്കോട്: സർക്കാർ അനുവദിച്ച ഭൂമിയിൽ വീട് നിർമ്മിക്കാനായി വർഷങ്ങളായി കാത്തിരിക്കുകയാണ് കോഴിക്കോട്ട് ഒരു വീട്ടമ്മ. ഭൂരഹിതയായ ഉഷയ്ക്ക് സർക്കാർ 2013ൽ മൂന്നു സെന്‍റ് ഭൂമി നൽകി. ലൈഫ് പദ്ധതി പ്രകാരം വീടനുവദിക്കാനും തീരുമാനിച്ചു. എന്നിട്ടും വീട് നിര്‍മ്മിക്കാനാവാതെ വാടക വീട്ടിൽ ജീവിതം തള്ളി നീക്കുകയാണ് ഉഷയും ഭർത്താവും സ്കൂൾ വിദ്യാർത്ഥികളായ രണ്ട് മക്കളും. 

പൈമ്പ്ര കുന്നമംഗലം റോഡിൽ നിന്ന് നാനൂറ് മീറ്റർ ചെങ്കുത്തായ മല കയറി വേണം സർക്കാർ അനുവദിച്ച ഭൂമിയിലെത്താൻ. സർക്കാർ രേഖയിൽ വഴി കൃത്യമായ അളന്ന് തിരിച്ചിട്ടുണ്ടെങ്കിൽ ഇത് വഴി വാഹനമെത്തില്ല. നടന്നു കയറുക തന്നെ വേണം. ഭൂമിയിലേക്ക് വാഹനം കടന്ന് ചെല്ലുന്ന വഴിയില്ലെന്നതാണ് വീട് നിർമ്മിക്കുന്നതിന് വിലങ്ങുതടിയെന്ന് പഞ്ചായത്ത് പറയുന്നു. റവന്യു വകുപ്പ് അനുവദിച്ച ഭൂമിയിലേക്ക് റോഡും വൈദ്യുതിയും വെള്ളവും എത്തിക്കേണ്ടത് പഞ്ചായത്താണെന്നാണ് ഉഷയ്ക്ക് കലക്ട്രേറ്റിൽ നിന്ന് ഉഷയ്ക്ക് ലഭിച്ച മറുപടി. ഒരു തീരുമാനമാക്കാൻ എട്ട് വർഷമായി സർക്കാരോഫീസുകൾ കയറിയിറങ്ങുകയാണ് ഉഷ.

വിഷയം അന്വേഷിച്ച് ചെന്ന ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിനോട് കുരുവട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് സരിത വഴി പ്രശ്നം ആവർത്തിച്ചു. സർക്കാർ അനുവദിച്ച ഭൂമിയിൽ വഴിയെത്തിക്കേണ്ടത് പഞ്ചായത്തല്ലലോയെന്നും ഈ പഞ്ചായത്ത് പ്രസിഡന്റ് ചോദിക്കുന്നു. പഞ്ചായത്തും റവന്യൂ വകുപ്പും സൃഷ്ടിക്കുന്ന ചുവപ്പുനാട കുരുക്കില്‍ വലയുന്ന ഉഷയ്ക്ക് ഇനി ആരെ സമീപിക്കണമെന്നറിയില്ല. 

ഏറ്റവും ഒടുവിൽ ഉഷയ്ക്ക് ലഭിച്ച ഉപദേശം ഈ ഭൂമി വേണ്ടെന്ന് എഴുതി നൽകാനാണ്. സർക്കാർ അനുവദിച്ച ഭൂമി വേണ്ടെന്ന് എഴുതി നൽകിയാൽ ഉഷ ഭൂരഹിതയാകും പിന്നെ വീണ്ടും ഭൂരഹിതർക്കായുള്ള ഏതെങ്കിലും പദ്ധതിയിലൂടെ വീടനുവദിക്കാമെന്നാണ് വാഗ്ദാനം.