ഒരു തവണ പ്ലാസ്മ മാറ്റിവെക്കണമെങ്കിൽ ഒരു ലക്ഷം രൂപ ചെലവുണ്ട്. എട്ടു തവണ പ്ലാസ്മ മാറ്റിവെച്ചു. മരുന്നിനും മറ്റുമായി 15 ലക്ഷം രൂപ ചെലവായിട്ടുണ്ട്. നാട്ടുകാർ പിരിവെടുത്താണ് ഇതുവരെയുള്ള ചികിത്സക്കായി പണം കണ്ടെത്തിയത്.
പത്തനംതിട്ട: പത്തനംതിട്ട കവിയൂരിൽ ആന്റിബോഡി സംബന്ധമായ അപൂർവ്വരോഗം ബാധിച്ച് പ്ലസ് ടൂ വിദ്യാർത്ഥിനി ചികിത്സ സഹായം തേടുന്നു. ആഞ്ഞിലിത്താനം സ്വദേശി സജികുമാറിന്റെ മകൾ സൂര്യയാണ് അബോധാവസ്ഥയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. കൂലിപ്പണിക്കാരായ അച്ഛനും അമ്മക്കും താങ്ങാൻ കഴിയുന്നതിനും അപ്പുറമാണ് ചികിത്സാ ചെലവ്.
പത്താം ക്ലാസിലും പ്ലസ് വണ്ണിലും മിന്നും വിജയം. സ്കൂളിലും നാട്ടിലും എല്ലാ പ്രവർത്തനങ്ങളിലും സജീവമായിരുന്ന പെൺകുട്ടി. ഒരു മാസം മുമ്പാണ് സൂര്യക്ക് രോഗം ബാധിക്കുന്നത്. പെട്ടെന്നൊരു ദിവസം ഉണ്ടായ ശാരീരിക അസ്വസ്ഥതകളായിരുന്നു തുടക്കം. പതിയെപ്പതിയെ കാഴ്ച മങ്ങി. ശരീരമാസകലം നീരു വെച്ചു. പിന്നീട് ബോധം മറഞ്ഞു തുടങ്ങി. മൂന്നാശുപത്രികളിൽ ചികിത്സിച്ചു. ഒടുവിലാണ് ആന്റിബോഡി സംബന്ധമായ രോഗമാണെന്ന് തിരിച്ചറിഞ്ഞത്. പ്ലാസ്മ മാറ്റിവെക്കുന്ന ചികിത്സയാണ് രോഗത്തിന് പ്രതിവിധി. ഒരു തവണ പ്ലാസ്മ മാറ്റിവെക്കണമെങ്കിൽ ഒരു ലക്ഷം രൂപ ചെലവുണ്ട്. എട്ടു തവണ പ്ലാസ്മ മാറ്റിവെച്ചു. മരുന്നിനും മറ്റുമായി 15 ലക്ഷം രൂപ ചെലവായിട്ടുണ്ട്. നാട്ടുകാർ പിരിവെടുത്താണ് ഇതുവരെയുള്ള ചികിത്സക്കായി പണം കണ്ടെത്തിയത്.
മകൾ ആശുപത്രിയിൽ ആയതോടെ പണിക്ക് പോലും പോകാൻ സാധിക്കാതെ സജികുമാറും ഭാര്യ ബിന്ദുവും നിസ്സഹായരാണ്. മികച്ച ചികിത്സ നൽകിയാൽ ഈ രോഗം ബാധിക്കുന്നവരിൽ നൂറില്‍ എൺപത്തിയഞ്ച് പേരെയും തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിക്കും. നിലവിൽ വെന്റിലേറ്ററിൽ കഴിയുന്ന സൂര്യയുടെ ആരോഗ്യനില മെച്ചപ്പെടണമെങ്കിൽ ഇനിയും പ്ലാസ്മ മാറ്റിവെക്കണം. അതിന് സുമനസ്സുകളുടെ സഹായം വേണം.

