പട്ടം സെന്റ് മേരീസിലെ പ്ലസ് വൺ വിദ്യാർത്ഥി ഉള്ളൂർ സ്വദേശി ഡാനിയേലിനാണ് മർദ്ദനമേറ്റത്; ബന്ധുക്കൾ പരാതി നൽകി, കേസെടുക്കുമെന്ന് പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടുറോഡിൽ വിദ്യാർത്ഥിക്ക് സഹപാഠി ഉൾപ്പെടെയുള്ളവരുടെ ക്രൂര മ‍ർദ്ദനം. പട്ടം സെന്റ് മേരീസിലെ പ്ലസ് വൺ വിദ്യാർത്ഥി ഉള്ളൂർ സ്വദേശി ഡാനിയേലിനാണ് മർദ്ദനമേറ്റത്. ബസ്സിൽ നിന്നിറങ്ങിയ ഒരു സംഘം വിദ്യാർഥികൾ ബസ് സ്റ്റോപ്പിലിരുന്ന ഡാനിയേലിനെ മർദ്ദിക്കുകയായിരുന്നു. തന്റെ സഹപാഠിയാണ് മ‍ർദ്ദനത്തിന് നേതൃത്വം നൽകിയതെന്ന് ഡാനിയേൽ പറഞ്ഞു. ഇവർക്കൊപ്പം ചില പൂർവ വിദ്യാർത്ഥികളും പുറമേ നിന്നുള്ള വിദ്യാർത്ഥികളും സംഘത്തിലുണ്ടായിരുന്നതായും ഡാനിയേൽ വ്യക്തമാക്കി. കുട്ടികൾ തമ്മിൽ മുൻപുണ്ടായിരുന്ന തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചതെന്നാണ് വിവരം. 

YouTube video player

മർദ്ദനത്തിൽ പരിക്കേറ്റ ഡാനിയേൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. തലയ്ക്കും കൈക്കും പരിക്കേറ്റിട്ടുണ്ട്. ബന്ധുക്കൾ മെഡിക്കൽ കോളേജ് പൊലീസിനെ വിവരമറിയിച്ചു. എന്നാൽ സംഭവം നടന്നത് പേരൂർക്കട പൊലീസ് സ്റ്റേഷന്റെ പരിധിയിലായതിനാൽ പരാതി കൈമാറുമെന്ന് മെഡിക്കൽ കോളേജ് പൊലീസ് അറിയിച്ചു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ ഉൾപ്പെട്ടിട്ടുള്ളതിനാൽ പരിശോധിച്ച് കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.