2014 ൽ അഴീക്കോട് സ്കൂളിന് പ്ലസ് അനുവദിച്ച് കിട്ടാൻ കെഎംഷാജി എംഎൽഎ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിലെ സാന്പത്തിക ഇടപാടുകളെ കുറിച്ചാണ് ഇഡി അന്വേഷിക്കുന്നത്.

കണ്ണൂർ: കെ എം ഷാജിയുമായി ബന്ധപ്പെട്ട അഴീക്കോട് പ്ലസ്ടു കോഴക്കേസില്‍ (plus two bribery case) വിജിലന്‍സ് സംഘം കെപിഎ മജീദ് (kpa majeed) എംഎല്‍എയുടെ മൊഴിയെടുത്തു. കണ്ണൂർ വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്. കോഴിക്കോട് പോലീസ് ക്ലബ്ബില്‍വച്ച് നടന്ന മൊഴിയെടുപ്പ് ഒരു മണിക്കൂറോളം നീണ്ടു. അതേസമയം, വിജിലൻസ് ഡിവൈഎസ്പിയുമായി സൗഹൃദ സന്ദര്‍ശനമായിരുന്നു എന്നാണ് മജീദിന്‍റെ പ്രതികരണം.

2014 ലെ യുഡിഎഫ് ഭരണകാലത്ത് കണ്ണൂർ അഴീക്കോട് സ്കൂളില്‍ പ്ലസ്ടു കോഴ്സുകൾ അനുവദിക്കാന്‍ കെ എം ഷാജി എംഎല്‍എയായിരിക്കെ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയെത്തുടര്‍ന്ന് എന്‍ഫോഴസ്മെന്‍റ് ഡയറക്ടറേറ്റും ഷാജിക്കെതിരെ കേസെടുത്തിട്ടുണ്ട്. പരാതിക്കാസ്പദമായ സംഭവം നടക്കുമ്പോൾ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയായിരുന്നു കെപിഎ മജീദ്. എന്നാല്‍, ഉദ്യോഗസ്ഥരുമായി സൗഹൃദം പങ്കിടുകയായിരുന്നുവെന്നാണ് പുറത്തിറങ്ങിയ കെപിഎ മജീദിന്‍റെ പ്രതികരിച്ചത്.

സ്കൂളിലെ 2013 മുതൽലുള്ള വരവ് ചെലവ് കണക്കുകള്‍ വിജിലൻസ് നേരത്തെ പിടിച്ചെടുത്തിരുന്നു. മറ്റിനങ്ങളിലായുള്ള ചെലവ് എന്ന് രേഖപ്പെടുത്തിയ 25 ലക്ഷം ഷാജിക്ക് കോഴ നൽകിയതാവാമെന്ന അനുമാനം വിജിലൻസിനുണ്ട്. എന്നാൽ, മാനേജ്മെന്റിലെ ആരും കോഴ നൽകി എന്ന് സമ്മതിക്കുന്നില്ല. ഷാജിയുടെ സ്വത്ത് വിവരങ്ങൾ കൂടി പരിശോധിച്ച് അന്തിമ നിഗമത്തിൽ എത്താമെന്ന് അന്വേഷണ സംഘം കണക്ക് കൂട്ടുന്നത്.