Asianet News MalayalamAsianet News Malayalam

ഒടുവിൽ വിദ്യാഭ്യാസമന്ത്രി അയയുന്നു; ഉത്തരസൂചികയിൽ അപാകതയുണ്ടെങ്കിൽ പരിഹരിക്കുമെന്ന് വി ശിവൻകുട്ടി

സത്യസന്ധവും നീതിയുക്തവുമായ മൂല്യനിർണയം ഉറപ്പുവരുത്തും, അർഹതപ്പെട്ട മാർക്ക് വിദ്യാർഥികൾക്ക് ലഭിക്കും. ഇക്കാര്യത്തിൽ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ആശങ്ക വേണ്ടെന്നാണ് വി ശിവൻകുട്ടി നൽകുന്ന ഉറപ്പ്. 

Plus two Chemistry answer key controversy V Sivankutty finally relents
Author
Trivandrum, First Published Apr 30, 2022, 5:03 PM IST

തിരുവനന്തപുരം: ഉത്തരസൂചിക വിവാദത്തിൽ കടുംപിടുത്തം വിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിലവിലെ ഉത്തരസൂചികയിൽ എന്തെങ്കിലും പോരായ്മയുണ്ടെങ്കിൽ അക്കാര്യം പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് വിഷയം ചർച്ച ചെയ്തു. 

സത്യസന്ധവും നീതിയുക്തവുമായ മൂല്യനിർണയം ഉറപ്പുവരുത്തും, അർഹതപ്പെട്ട മാർക്ക് വിദ്യാർഥികൾക്ക് ലഭിക്കും. ഇക്കാര്യത്തിൽ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ആശങ്ക വേണ്ടെന്നാണ് വി ശിവൻകുട്ടി നൽകുന്ന ഉറപ്പ്. 

പൊതുവെ കഠിനമായിരുന്ന പ്ലസ് ടു കെമിസ്ട്രി പരീക്ഷയിൽ വിദ്യാർത്ഥികളുടെ ആശങ്ക കൂട്ടുന്നതാണ് മൂല്യ നിർണ്ണയ വിവാദം. നിലവിലെ ഉത്തര സൂചിക ഉപയോഗിച്ചാൽ പത്തു മുതൽ ഇരുപത് മാർക്ക് വരെ വിദ്യാർത്ഥികൾക്ക് നഷ്ടം വരാൻ ഇടയുണ്ടെന്നാണ് അധ്യാപകർ പറയുന്നത്. കഠിനമേറിയ ചോദ്യങ്ങൾ കൂടുതലും വന്നത് ഫോകസ് ഏരിയക്ക് പുറത്തു നിന്നായിരുന്നു. ചില ചോദ്യങ്ങൾ ഉത്തരമായി നൽകിയ ഓപ്‌ഷണുകളിൽ പിശകും ഉണ്ടായിരുന്നു. ചോദ്യ പേപ്പറിനെ ചൊല്ലിയുള്ള ആശങ്ക മാറ്റാൻ ആയിരുന്നു 12 മുതിർന്ന അധ്യാപകർ ചേർന്നു സ്കീം ഫൈനലൈസേഷനിൽ ഉത്തര സൂചികയിൽ പുനക്രമീകരണം നടത്തിയത്. 

പക്ഷെ ഇത് വരിക്കോരി മാർക്ക് നൽകൽ എന്ന് കാണിച്ചു ചോദ്യകർത്താവ് തയ്യാർ ആക്കിയ ഉത്തര സൂചിക മൂല്യ നിർണ്ണയത്തിൽ ഉപയോഗിക്കാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചതാണ് വിവാദം ആയത്. 13ആം നമ്പർ ചോദ്യം തന്നെ പിശകിന്റെ ഉത്തമ ഉദാഹരണം. ചോദ്യ പേപ്പറിൽ ഉള്ള ഉത്തരത്തിനുള്ള ഓപ്‌ഷൻ അല്ല സ്കീമിൽ ഉള്ളത്. പിന്നെ എങ്ങനെ മാർക്കിടും എന്നതാണ് അധ്യാപകരുടെ ചോദ്യം. 

തീർന്നില്ല 16,22,24,25 ചോദ്യങ്ങൾക്കുള്ള മൂല്യ നിർണ്ണയ സ്കീമിലും ആശയ കുഴപ്പം എന്നാണ് അധ്യാപകർ പറയുന്നത്. ഉത്തര സൂചികയിൽ പറയുന്ന രീതിയിൽ അല്ലാതെ മേല്പറഞ്ഞ ചോദ്യങ്ങൾക്ക് ഉത്തരം എഴുതിയാലും മാർക്ക് കൊടുക്കാം എന്നിരിക്കെ അത് വേണ്ട എന്നാണ് നിർദേശം. ചുരുക്കത്തിൽ പത്തു മുതൽ ഇരുപത് വരെ മാർക്ക് നിലവിലെ ഉത്തര സൂചിക വഴി നഷ്ടം ആകുമെന്നാണ് മൂല്യ നിർണ്ണായ ക്യാമ്പിലെ അധ്യാപകരുടെ പരാതി. ഈ ഉത്തര സൂചിക തന്നെ ഉപയോഗിക്കണമെന്ന് വകുപ്പും മന്ത്രിയും കടുംപിടുത്തം തുടർന്നതോടെയാണ് മൂല്യനിർണ്ണയം പ്രതിസന്ധിയിലായത്. 

ഒടുവിൽ മന്ത്രി മയപ്പെട്ടതോടെ പ്രശ്നപരിഹാരത്തിന് സാധ്യത തെളിയുകയാണ്. 

Follow Us:
Download App:
  • android
  • ios