തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച രാവിലെ പ്രധാനമന്ത്രി തന്നെ ഫോണിൽ ബന്ധപ്പെട്ടെന്നും സംസ്ഥാനത്തെ നിലവിലെ സ്ഥിതിഗതികളും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും വിലയിരുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് വൈറസ് വ്യാപനത്തിനെതിരെ സംസ്ഥാനം ഇതുവരെ സ്വീകരിച്ച നടപടികളിൽ പ്രധാനമന്ത്രി മതിപ്പ് അറിയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അതേസമയം വടക്കൻ മലബാറിലെ കേരള അതിർത്തി റോഡുകൾ കർണാടകം മണ്ണിട്ട് മൂടിയതിനെ മുഖ്യമന്ത്രി അതിരൂക്ഷമായി വിമർശിച്ചു. കർണാടകയുടെ ഈ നടപടി പ്രധാനമന്ത്രിയുടെ നിർദേശങ്ങൾക്ക് എതിരാണെന്നും ഇക്കാര്യത്തിൽ കേരള ചീഫ് സെക്രട്ടറി കർണാടക ചീഫ് സെക്രട്ടറിയുമായി സംസാരിച്ചെന്നും മണ്ണ് നീക്കി ഗതാഗതം പുനസ്ഥാപിക്കാം എന്ന് കർണാടകം അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.