Asianet News MalayalamAsianet News Malayalam

നാടിന്‍റെ വേദനയും ദുരന്തത്തിന്‍റെ വ്യാപ്തിയും നേരിട്ടറിഞ്ഞ് പ്രധാനമന്ത്രി; ദുരിതം വിവരിച്ച് ഉന്നത ഉദ്യോഗസ്ഥർ

വെള്ളാര്‍മല സ്കൂള്‍ റോഡിലാണ് ആദ്യ സന്ദര്‍ശനം. ഉരുള്‍പൊട്ടലിൽ തകര്‍ന്ന വെള്ളാര്‍മല ജിവിഎച്ച്എസ് സ്കൂളും പ്രദേശത്ത് തകര്‍ന്ന വീടുകളും പ്രധാനമന്ത്രി നേരിട്ട് കണ്ടു

PM Modi in Wayanad visited landslide hit churalmala discussion with army officials, will visit relief camp
Author
First Published Aug 10, 2024, 1:48 PM IST | Last Updated Aug 10, 2024, 2:30 PM IST

കല്‍പ്പറ്റ: വയനാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂരൽമലയിലെ ഉരുള്‍പൊട്ടൽ ദുരന്തമേഖല സന്ദര്‍ശിച്ചു. കല്‍പ്പറ്റയിൽ നിന്ന് റോഡ് മാര്‍ഗം ചൂരൽമലയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്ത ഭൂമിയിൽ ഏറെ നേരം ചെലവഴിച്ചശേഷം ഉച്ചയ്ക്ക് രണ്ടേ പത്തോടെയാണ് ചൂരൽ മലയിൽ നിന്ന് മടങ്ങിയത്. വെള്ളാര്‍മല സ്കൂള്‍ റോഡിലായിരുന്നു ആദ്യ സന്ദര്‍ശനം. ഉരുള്‍പൊട്ടലിൽ തകര്‍ന്ന വെള്ളാര്‍മല ജിവിഎച്ച്എസ് സ്കൂളും പ്രദേശത്ത് തകര്‍ന്ന വീടുകളും പ്രധാനമന്ത്രി വാഹനത്തിലിരുന്ന് ആദ്യം കണ്ടു. ഇതിനുശേഷം വെള്ളാര്‍മല സ്കൂളിലെത്തിയ മോദി സ്കൂളിലെ കുട്ടികളെക്കുറിച്ച് ചോദിച്ചറിഞ്ഞു.

വെള്ളാര്‍മല സ്കൂളിലേ കുട്ടികളുടെ പഠനത്തെക്കുറിച്ചും മറ്റു വിവരങ്ങളും മോദി ചീഫ് സെക്രട്ടറി ഡോ. വി വേണുവിൽ നിന്ന് വിവരം തേടി. ഉരുള്‍പൊട്ടലിൽ തകര്‍ന്ന ചൂരൽമല സ്കൂള്‍ റോഡിലെ വിവിധ പ്രദേശങ്ങളും പ്രധാനമന്ത്രി നടന്നു സന്ദര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി വേണു എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

സ്കൂള്‍ റോഡിലെ അര കിലോമീറ്ററോളം ദൂരത്തിലുള്ള സ്ഥലങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിച്ചത്. പാറക്കൂട്ടങ്ങൾ നിരയായി വന്നടിഞ്ഞ സ്ഥലത്തും മോദി എത്തി. അരമണിക്കൂറോളം ചൂരൽമലയിലെ ദുരന്ത മേഖല സന്ദര്‍ശിച്ചശേഷം പ്രധാനമന്ത്രി ബെയ്‍ലി പാലത്തിലേക്ക് കയറി. പാലത്തിലൂടെ നടന്ന പ്രധാനമന്ത്രി രക്ഷാദൗത്യത്തിൽ പങ്കാളികളായ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. എന്‍ഡിആര്‍എഫ്, എസ്ഒജി ഉദ്യോഗസ്ഥരുമായും സംസാരിച്ചു. പാലത്തിന്‍റെ മറുകരയിലുള്ള ഉദ്യോഗസ്ഥരെയും കണ്ടശേഷമാണ് പ്രധാനമന്ത്രി ചൂരൽ മലയില്‍ നിന്ന് മടങ്ങിയത്. ദുരന്തത്തിന്‍റെ വ്യാപ്തിയും നാടിന്‍റെ വേദനയും നേരിട്ടറിഞ്ഞാണ് പ്രധാനമന്ത്രി ചൂരൽമലയില്‍ നിന്ന് മേപ്പാടിയിലേക്ക് പോയത്.

സ്കൂള്‍ റോഡില്‍ വെച്ച് എഡിജിപി എംആര്‍ അജിത് കുമാര്‍ രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ചും ദുരന്തത്തെക്കുറിച്ചും വിശദീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറിയും ദുരന്ത സ്ഥലത്ത് വെച്ച് പ്രധാനമന്ത്രിയോട് കാര്യങ്ങള്‍ വിശദീകരിച്ചു. ചൂരൽമലയിൽ നിന്ന് മടങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തി ദുരന്തബാധിതരെ കാണും. മേപ്പാടിയിലെ സെന്‍റ് ജോസഫ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി ദുരന്ത ബാധിതരുമായും കൂടിക്കാഴ്ച നടത്തും. കളക്ടറേറ്റിൽ നടക്കുന്ന അവലോകന യോഗത്തിലും പങ്കെടുക്കും. 

പ്രധാനമന്ത്രി ദുരന്തഭൂമിയിൽ; ഹെലികോപ്ടറിൽ ആകാശനിരീക്ഷണം, റോഡ് മാര്‍ഗം ചൂരൽമലയിലേക്ക്

Latest Videos
Follow Us:
Download App:
  • android
  • ios