ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ ഹെലിപ്പാട്,  ഗുരുവായൂരിലെ സ്വകാര്യ ഹോട്ടല്‍ എന്നിവിടങ്ങളിലാണ് സുരേഷ് ഗോപിയുടെ സാന്നിധ്യത്തില്‍ പരിശോധന നടന്നത്

തൃശ്ശൂര്‍: പ്രധാനമന്ത്രി വീണ്ടും തൃശൂരിൽ എത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ വിവിധയിടങ്ങളില്‍ പൊലീസിന്‍റെ സുരക്ഷാ പരിശോധന. തൃശൂര്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ ഹെലിപ്പാട്, ഗുരുവായൂരിലെ സ്വകാര്യ ഹോട്ടല്‍ എന്നിവിടങ്ങളിലാണ് സുരേഷ് ഗോപിയുടെ സാന്നിധ്യത്തില്‍ പരിശോധന നടന്നത്. സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകന്‍റെ നേതൃത്വത്തിലുള്ള പൊലീസാണ് പരിശേധന നടത്തിയത്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി ജനുവരി 17ന് ഗുരുവായൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരില്‍ എത്തിയേക്കുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട സുരക്ഷ ക്രമീകരണങ്ങള്‍ സംബന്ധിച്ച് കേരള പൊലീസിനോട് കേന്ദ്രം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സുരക്ഷ സംബന്ധിച്ച പരിശോധന പൊലീസ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കേരള പൊലീസ് ഇന്ന് കേന്ദ്രത്തിന് നല്‍കും.

ഇതിനിടെ, മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടനും മുൻ എംപിയുമായ സുരേഷ് ഗോപിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അറസ്റ്റ് ചെയ്യുകയാണെങ്കിൽ ജാമ്യത്തിൽ വിട്ടയക്കാൻ പൊലീസിന് ഹൈക്കോടതി നിർദ്ദേശം നൽകി. നിലവിൽ അറസ്റ്റിനുള്ള സാഹചര്യമില്ലെന്ന് സർക്കാർ കോടതി അറിയിച്ചു. സർക്കാർ നിലപാട് കൂടി കണക്കിലെടുത്താണ് തീരുമാനം. ചോദ്യം ചെയ്യലിന് പിന്നാലെ ഗുരുതര വകുപ്പ് ചേർത്ത് എഫ് ഐആർ പരിഷ്കരിച്ചതോടെയാണ് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചത്. കരുവന്നൂർ വിഷയത്തിൽ സർക്കാറിനെതിരെ ജാഥ നയിച്ചതിനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് കാരണമെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ ആരോപിക്കുന്നത്. മകളുടെ വിവാഹം ഉള്‍പ്പെടെ നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് സുരേഷ് ഗോപി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.

പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴി തടഞ്ഞ മാധ്യമ പ്രവർത്തകയെ മാറ്റുക മാത്രമാണ് ചെയ്തതെന്നും മോശമായി പെരുമാറിയിട്ടില്ലെന്നുമാണ് ഹർജിയിൽ പറയുന്നത്. കേസിൽ കോഴിക്കോട് നടക്കാവ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 27 ന് കോഴിക്കോട് മാധ്യമപ്രവര്‍ത്തകരെ കാണുന്നതിനിടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. നടക്കാവ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ 180 ഓളം പേജുള്ള കുറ്റപത്രമാണുളളത്. കേസില്‍ ആദ്യം 354 എയും 1,4 എന്നീ ഉപവകുപ്പുകളുമാണ് ചേര്‍ത്തിരുന്നത്. ലൈംഗിക ദുസ്സൂചനയോടെ സ്പര്‍ശം എന്ന കുറ്റം ഉള്‍പ്പെടുന്നതാണിത്. തുടരന്വേഷണത്തില്‍ മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ സ്പര്‍ശിച്ച കുറ്റത്തിനുള്ള 354ാം വകുപ്പുകൂടി പിന്നീട് പൊലീസ് ചേര്‍ത്തു. ഇതെല്ലാം ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം.

കൂടത്തായി കേസ്; കുറ്റവിമുക്തയാക്കണമെന്ന പ്രതി ജോളിയുടെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ച് സുപ്രീം കോടതി

പ്രധാനമന്ത്രി വീണ്ടും തൃശ്ശൂരിലെത്തും;സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പങ്കെടുക്കും | Thrissur