Asianet News MalayalamAsianet News Malayalam

'കാർഷിക നിയമത്തിൽ നിന്നും പിന്നോട്ടില്ല', ആവർത്തിച്ച് പ്രധാനമന്ത്രി

കർഷകർക്ക് വേണ്ടിയുള്ളതാണ് കർഷക നിയമങ്ങളെന്നും കർഷകർക്ക് ഉത്പ്പന്നങ്ങളെവിടെയും വിൽക്കാനുള്ള സ്വാതന്ത്യമാണ് നിയമങ്ങളിലൂടെ ലഭിക്കുന്നതെന്നും പ്രധാനമന്ത്രി ആവർത്തിച്ചു.

PM narendra modi on farmers law
Author
delhi, First Published Feb 4, 2021, 12:34 PM IST

ദില്ലി: കാർഷിക നിയമത്തിൽ നിന്നും കേന്ദ്രം പിന്നോട്ട് പോകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർഷകർക്ക് വേണ്ടിയുള്ളതാണ് കാർഷിക നിയമങ്ങളെന്നും ഉത്പ്പന്നങ്ങളെവിടെയും വിൽക്കാനുള്ള സ്വാതന്ത്യമാണ് നിയമങ്ങളിലൂടെ ലഭിക്കുന്നതെന്നും പ്രധാനമന്ത്രി ആവർത്തിച്ചു. കാർഷികനിയമങ്ങളിലുള്ള ചർച്ച പാർലമെന്റിൽ നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. 

തിങ്കളാഴ്ച വിഷയത്തിൽ പാർലമെന്റിൽ പ്രധാനമന്ത്രി മറുപടി നൽകിയേക്കും. അതിനിടെ കർഷക സമരത്തിന്മേൽ ട്വിറ്ററിലൂടെയുള്ള പ്രതികരണം തുടരുകയാണ്. രാജ്യാന്തര തലത്തിലും നിരവധിപ്പേരാണ് കർഷക സമരത്തെ പിന്തുണച്ച് രംഗത്തെത്തിയത്. ഈ പശ്ചാത്തലത്തിൽ ഇതിനെ പ്രതിരോധിക്കാൻ കേന്ദ്രം എംബസികളോട് നിർദ്ദേശം നൽകി. കർഷക സമരത്തിന്റെ സ്ഥിതി വിവിധ രാജ്യങ്ങളെ ബോധ്യപ്പെടുത്തണമെന്നും സമരത്തെ അനുകൂലിച്ച് രാജ്യത്തിന് എതിരെ നടക്കുന്ന പ്രചാരണം ചെറുക്കണമെന്നുമാണ് നിർദ്ദേശം.

അതിനിടെ കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരെയും കർഷക നേതാക്കളെയും സന്ദർശിക്കാനെത്തിയ കോൺഗ്രസ് ഇതര എംപിമാരെ ഗാസിപ്പൂരിലെ സമരവേദിക്കടുത്തേക്ക് കടത്തി വിട്ടില്ല.സമരക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ കോൺഗ്രസ് ഒഴികെയുള്ള പത്ത് പ്രതിപക്ഷ കക്ഷി നേതാക്കളാണ് ഗാസിപ്പൂർ അതിർത്തിയിൽ എത്തിയിരുന്നത്. 

ഡിഎംകെ എംപിമാരായ കനിമൊഴി, തിരുച്ചി ശിവ, ആർസ്പി എംപി എൻ കെ പ്രേമചന്ദ്രൻ, എൻസിപി എംപി സുപ്രിയ സുലേ,സിപിഎം എംപി എഎം ആരിഫ് എന്നിവർക്കൊപ്പം ശിരോമണി അകാലി ദൾ പ്രതിനിധിയായി ഹർസിമ്രത് കൗർ ബാദലും തൃണമൂൽ കോൺഗ്രസ് നേതാക്കളും സംഘത്തിൽ ഉണ്ടായിരുന്നു. കോൺഗ്രസ് നേതാക്കളാരും സംഘത്തിനൊപ്പമുണ്ടായിരുന്നില്ല. 

 

 

Follow Us:
Download App:
  • android
  • ios