കേരളത്തിൻ്റെ ആവശ്യങ്ങൾക്കായി കേന്ദ്രവുമായി പാലമാകുന്നതാണ് എൻ്റെ പണി, അല്ലാതെ പാരയാകുന്നതല്ലെന്ന് ജോൺ ബ്രിട്ടാസ് എംപി. കേരളത്തിന് ലഭിക്കേണ്ട ഫണ്ട് കിട്ടാനുള്ള ശ്രമമാണ് നടത്തിയതെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.

ദില്ലി/ തിരുവനന്തപുരം: പിഎംശ്രീ കരാറിൽ ജോൺ ബ്രിട്ടാസ് പാലമായെന്ന കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തലിൽ കടുത്ത അതൃപ്തിയിൽ സിപിഐ. ധർമ്മേന്ദ്ര പ്രധാൻ്റെ വെളിപ്പെടുത്തലിൽ സിപിഎം വിശദീകരിക്കണമെന്ന് ഡി രാജ ആവശ്യപ്പെട്ടു. അമർഷമുണ്ടെങ്കിലും തെരഞ്ഞെടുപ്പ് കാലമായതിനാൽ പരസ്യപ്രതികരണം വേണ്ടെന്നാണ് സിപിഐ സംസ്ഥാന നേതൃത്വത്തിൻ്റെ നിലപാട്. കേരളത്തിന് കേന്ദ്ര ഫണ്ട് കിട്ടാൻ ഇനിയും ഇടപെടുമെന്നായിരുന്നു ജോണ്‍ ബ്രിട്ടാസിൻ്റെ പ്രതികരണം.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാൻ രാജ്യസഭയിൽ തൊടുത്ത അമ്പ് നെരെ വന്ന് കൊണ്ടത് കേരളത്തിലാണ്. പിഎംശ്രീ കരാറിൽ ഉടക്കിട്ട് നിന്ന സിപിഐക്ക് കരാറിന് പിന്നിലെ ദുരൂഹതകളിൽ സംശയം ഇരട്ടിച്ചു. ജോൺ ബ്രിട്ടാസിന്‍റെ പങ്കെന്തെന്ന തുടക്കം മുതലുള്ള സംശയത്തിന് ഉത്തരവുമായി. കേന്ദ്രത്തിനും കേരളത്തിനും ഇടക്ക് പിഎംശ്രീയിലെ പാലം ബ്രിട്ടാസായിരുന്നു എന്ന് കേന്ദ്ര മന്ത്രി തുറന്ന് പറഞ്ഞിട്ടും എതിര്‍ക്കാനോ തിരുത്താനോ ബ്രിട്ടാസ് മുതിര്‍ന്നിട്ടുമില്ല. സിപിഎമ്മും ഇടതുമുന്നണിയും നയപരമായി എതിര്‍ക്കുന്ന വിഷയത്തിൽ കരാറിലേര്‍പ്പെടാൻ ബ്രിട്ടാസ് ഇടനില നിന്നെങ്കിൽ ആ നീക്കം നിഷ്കളങ്കമെന്ന് സിപിഐ കരുതുന്നില്ല.

കടുത്ത അമർഷമുണ്ടെങ്കിലും തെരഞ്ഞെടുപ്പായതിനാൽ പരസ്യമായി ഉടക്കിനില്ല സംസ്ഥാന നേതൃത്വം. കോൺഗ്രസിനെ വിമർശിച്ചായിരുന്നു വിവാദത്തിൽ ബ്രിട്ടാസിൻ്റെ പ്രതികരണം. കേന്ദ്രത്തിനും കേരളത്തിനും ഇടയിലെ പാലമെന്നാണെങ്കില്‍, അത് ഉത്തരവാദിത്വമെന്നാണ് ജോൺ ബ്രിട്ടാസ് എംപിയുടെ പ്രതികണം. കേരളത്തിന് പാരയായി നിൽക്കുന്നതല്ല എൻ്റെ പണിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ സാഹചര്യത്തിൽ പിഎംശ്രീ കരാറിൽ സിപിഐ നിലപാട് വ്യക്തമാക്കണമെന്നാണ് കോൺഗ്രസ് യുഡിഎഫ് നേതാക്കളുടെ ആവശ്യം. യു ടൂ ബ്രിട്ടാസ് എന്നും ബ്രിട്ടാസ് മുന്നയെന്ന മട്ടിലും സൈബര്‍ പ്രചാരണവും പ്രതിപക്ഷം ശക്തമാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട പണം കിട്ടിയേ തീരൂ എന്ന നിലപാട് വിദ്യാഭ്യാസ മന്ത്രി ആവര്‍ത്തിക്കുന്നുണ്ട്. കരാറുമായി ബന്ധപ്പെട്ട തുടര്‍ ചര്‍ച്ചകളോട് സിപിഎമ്മിന് വിമുഖതയുമാണ്.

YouTube video player

കോൺഗ്രസിനെതിരെ ജോൺ ബ്രിട്ടാസ്

കേരളത്തിന് കിട്ടേണ്ടത് കിട്ടാൻ ഇനിയും ശ്രമം തുടരുമെന്ന് ജോൺ ബ്രിട്ടാസ് എംപി. പിഎം ശ്രീ കരാറിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ ഒപ്പിട്ടത് കെസി വേണുഗോപാലിന്‍റെ ഇടപെടലിലൂടെയാണെന്നും ജോൺ ബ്രിട്ടാസ് കുറ്റപ്പെടുത്തി. കെസി പ്രതിപക്ഷ ഐക്യത്തെ അട്ടിമറിച്ചെന്നും ബ്രിട്ടാസ് വിമര്‍ശിച്ചു. അതേസമയം, ധർമ്മേന്ദ്ര പ്രധാൻ സഭയെ തെറ്റിദ്ധരിപ്പിച്ചോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ബ്രിട്ടാസ് മറുപടി പറഞ്ഞില്ല. കേരളത്തിന് അർഹമായ കേന്ദ്രവിഹിതം ലഭിക്കാൻ എംപി എന്ന നിലയിൽ നിരന്തരം സമ്മർദം ചെലുത്തുമെന്ന് ജോൺ ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു. കേരളത്തിന് ലഭിക്കാനുള്ള ഫണ്ടിനായി ഇനിയും കേന്ദ്രമന്ത്രിമാരെ കാണും. അത് തന്റെ ചുമതലയാണെന്നും എംപി പറഞ്ഞു.

YouTube video player