പി എം ശ്രീ പദ്ധതി നടപ്പിലാക്കാൻ യുഡിഎഫ് സർക്കാരിനോട് ആരാണ് ആവശ്യപ്പെട്ടതെന്ന് മുൻ മന്ത്രി കെ രാജൻ ചോദിച്ചു. സത്യസന്ധതയുണ്ടെങ്കിൽ മുഖ്യമന്ത്രി വി ഡി സതീശൻ മറുപടി പറയണമെന്നും രാജൻ ആവശ്യപ്പെട്ടു
തിരുവനന്തപുരം: പി എം ശ്രീ പദ്ധതി നടപ്പിലാക്കാൻ യു ഡി എഫ് സർക്കാരിനോട് ആരാണ് ആവശ്യപ്പെട്ടതെന്ന ചോദ്യവുമായി മുൻ റവന്യൂ മന്ത്രി കെ രാജൻ എം എൽ എ. പി എം ശ്രീ നടപ്പാക്കാൻ കേന്ദ്ര സർക്കാരിൽ നിന്നാരാണ് പറഞ്ഞത്. ഒപ്പിടാൻ പറഞ്ഞത് ആരാണെന്ന് സത്യസന്ധതയുണ്ടെങ്കിൽ മുഖ്യമന്ത്രി വി ഡി സതീശൻ മറുപടി പറയണമെന്നും രാജൻ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിനോട് കടുത്ത വിധേയത്വമാണ് യു ഡിഎഫിന് ഉള്ളതെന്നും പദ്ധതിയിൽ ഒപ്പുവെച്ചില്ലെങ്കിൽ ധനസഹായം നഷ്ടപ്പെടുമെന്ന് മാത്രമാണ് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി പാർലമെന്റിൽ അബ്ദുൽ വഹാബിന്റെ ചോദ്യത്തിന് മറുപടി നൽകിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നിട്ടും പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്ന് പറഞ്ഞ വിദ്യാഭ്യാസ മന്ത്രി കേരളത്തിലെ ജനങ്ങളോട് മാപ്പു പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
രേഖമൂലം മറുപടിയുണ്ടോ?
പി എം ശ്രീയിൽ ഒപ്പുവെച്ചില്ലെങ്കിൽ എസ് എസ് എ ഫണ്ട് ലഭിക്കില്ലെന്ന് ആരെങ്കിലും രേഖാമൂലം പറഞ്ഞിട്ടുണ്ടോ എന്ന് സർക്കാർ വ്യക്തമാക്കണമെന്നും രാജൻ ആവശ്യപ്പെട്ടു. അഞ്ച് വർഷത്തേക്ക് കേവലം ഒരു കോടി 10 ലക്ഷം രൂപ മാത്രമാണ് പി എം ശ്രീയിലൂടെ ലഭിക്കുന്നത്. ഈ ചെറിയ തുകയ്ക്ക് വേണ്ടി നിൽക്കാതെ, സംസ്ഥാനത്തിന് അർഹമായ എസ് എസ് എ ഫണ്ട് നേടിയെടുക്കാൻ സർക്കാർ എന്തുകൊണ്ട് ശ്രമിക്കുന്നില്ലെന്നും അദ്ദേഹം ചോദ്യമുയർത്തി.
ഡിജിറ്റൽ റീസർവേ അട്ടിമറിക്കുന്നോ?
എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് തുടങ്ങിയ ഡിജിറ്റൽ റീസർവേ നടപടികൾ അട്ടിമറിക്കാനാണ് യു ഡി എഫ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഭൂരേഖകളിലെ തട്ടിപ്പ് തടയാൻ ഉപകരിക്കുന്ന പദ്ധതിയെ ഇല്ലാതാക്കി ഭൂമാഫിയകളെ സഹായിക്കാനാണ് ഈ നീക്കം. ഡിജിറ്റൽ റീസർവേ ജീവനക്കാരെ അകാരണമായി പിരിച്ചുവിടുകയും ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്യുകയാണെന്നും, ഇതിനോടകം 251 വില്ലേജുകളിൽ സർവേ പൂർത്തിയാക്കിയിട്ടുണ്ടെന്നും കെ രാജൻ ചൂണ്ടിക്കാട്ടി.

