ലോകത്ത് കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഇല്ലാതായത് നേതാക്കളുടെ ധാർഷ്ട്യം കാരണമെന്ന് കൊല്ലം കമ്മിറ്റി തുറന്നടിച്ചു. 10 വർഷത്തെ ഭരണം പ്രസ്ഥാനത്തെ ദുർബലമാക്കിയെന്ന് കണ്ണൂർ കമ്മിറ്റി തുറന്നുപറഞ്ഞു. എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്ന പ്രചാരണ വാചകം പോലും തിരിച്ചടിച്ചെന്നും വിമര്‍ശനം ഉയര്‍ന്നു.

കോഴിക്കോട്: വ്യക്തികേന്ദ്രീകൃത ശൈലിക്കെതിരെ സിപിഎം വിശാല സമിതിയിൽ ആഞ്ഞടിച്ച് ജില്ലാകമ്മിറ്റികൾ. ലോകത്ത് കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഇല്ലാതായത് നേതാക്കളുടെ ധാർഷ്ട്യം കാരണമെന്ന് കൊല്ലം കമ്മിറ്റി തുറന്നടിച്ചു. 10 വർഷത്തെ ഭരണം പ്രസ്ഥാനത്തെ ദുർബലമാക്കിയെന്ന് കണ്ണൂർ കമ്മിറ്റി തുറന്നുപറഞ്ഞു. എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്ന പ്രചാരണ വാചകം പോലും തിരിച്ചടിച്ചെന്നും വിമര്‍ശനം ഉയര്‍ന്നു. സിസി റിപ്പോർട്ടിന്റെ കൂടി ചുവട് പിടിച്ച് പൊതുചർച്ചയില്‍ പ്രതിനിധികള്‍ കനത്ത വിമർശനം ഉന്നയിച്ചത്.

പറ്റിയ തെറ്റും അതിന് പാർട്ടിയെടുക്കുന്ന തിരുത്തൽ നടപടികളും ജനങ്ങൾക്കും അണികൾക്കും ബോധ്യപ്പെടണമെന്ന് പൊതു ചർച്ചയിൽ പ്രതിനിധികൾ ആവശ്യപ്പെട്ടു. സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചകളിൽ തുറന്ന ചർച്ചകളാണ് ഉണ്ടായത്. ചൂടേറിയ ചർച്ചകളിൽ ഇന്ന് നേതൃത്വത്തിന്റെ മറുപടി എന്താകുമെന്നതിലാണ് ആകാംക്ഷ. വൈകിട്ട്‌ ബഹുജന റാലിയോടെ കോഴിക്കോട്ട് ചേർന്ന വിശാല സമിതി സമാപിക്കും. ഒന്നേകാൽ ലക്ഷം പേരെ അണിനിരത്തുമെന്ന് അവകാശപ്പെടുന്ന വിപുലമായ റാലിയോടെയാണ് വിശാല സംസ്ഥാന സമിതി അവസാനിക്കുന്നത്.

രൂക്ഷ വിമർശനം തുടർന്ന് ജില്ലാ കമ്മിറ്റികൾ

പത്ത് വർഷത്തെ ഭരണം പ്രസ്ഥാനത്തെ തകർത്തു

പത്ത് വർഷത്തെ പിണറായി ഭരണം പ്രസ്ഥാനത്തെ തകർത്തു എന്നാണ് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായ എൻ സുകന്യ വിമര്‍ശിച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടാക്കിയത് ഗവൺമെന്റുകൾ ഉണ്ടാക്കാനല്ലെന്ന് വിമര്‍ശിച്ച എൻ സുകന്യ, വർഗ്ഗ ബഹുജന സംഘടനകളെയും ഇടത് സർക്കാർ ഇല്ലാതാക്കിയെന്നും കുറ്റപ്പെടുത്തി. തളിപ്പറമ്പ് തോൽവി സൗകര്യപൂർവം എം വി ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ടിൽ ഒഴിവാക്കിയെന്നും വിമർശനം.

കനഗോലുവിനെ അവഗണിച്ചത് വീഴ്ച

കനഗോലുവിനെ അവഗണിച്ചത് വീഴ്ചയായെന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമായ എച്ച് സലാം വിമര്‍ശിച്ചു. യുഡിഎഫ് തന്ത്രങ്ങൾ വിജയിച്ചു. കനഗോലു തന്ത്രങ്ങൾ ചെറുക്കാൻ ആയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡാറ്റ ഇല്ലാതെ പാർട്ടി തെരഞ്ഞെടുപ്പിന് ഇറങ്ങി. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച സംഭവിച്ചെന്നും വിമര്‍ശനം.

നേതാക്കൾ പാർട്ടിയെ തകർക്കരുത്

നേതാക്കൾ പാർട്ടിയെ തകർക്കരുതെന്ന് കൊല്ലം ജില്ലാ കമ്മിറ്റി അംഗമായ കെ സേതുമാധവൻ പറ‍ഞ്ഞു. ലോകത്ത് കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഇല്ലാതാകുന്നതിന് കാരണം നേതാക്കളുടെ ധാർഷ്ട്യമാണ്. തോൽവിക്ക് പ്രധാന ഉത്തരവാദിത്തം സംസ്ഥാന സെക്രട്ടേറിയറ്റിനാണെന്ന് പറഞ്ഞ അദ്ദേഹം, കനഗോലു തന്ത്രങ്ങളെ ചെറുക്കാൻ കഴിയാത്തിലും വിമർശനം ഉന്നയിച്ചു.

കാന്തപുരത്തെ ഈ രീതിയിൽ വളർത്തിയതിൽ സിപിഎം നേതാക്കൾക്കും പങ്കുണ്ടെന്ന് മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ഇ ജയൻ കുറ്റപ്പെടുത്തി. ലീഗിന് ഇല്ലാത്ത പ്രസക്തി നൽകുന്നത് ചില പാർട്ടി നിലപാടുകളാണ് എന്നാണ് വിമര്‍ശനം. വെള്ളാപ്പള്ളി ചങ്ങാത്തം തോൽവിക്ക് ആക്കം കൂട്ടിയെന്ന് തൃശ്ശൂർ കമ്മിറ്റിയും വിമര്‍ശിച്ചു. തിരുവനന്തപുരത്ത് എംഎൽഎ തന്നെ ജില്ലാ സെക്രട്ടറി ആയതിനെയും തൃശ്ശൂർ കമ്മിറ്റി വിമർശിച്ചു.

YouTube video player