പിഎം ശ്രീയിലെ തുടർ നടപടി നിർത്തിവെക്കാൻ കേരളം തീരുമാനിച്ചെങ്കിലും അന്തിമ തീരുമാനം കേന്ദ്രം കൈക്കൊള്ളും
തിരുവനന്തപുരം: പിഎം ശ്രീയിലെ തുടർ നടപടി നിർത്തിവെക്കാൻ കേരളം തീരുമാനിച്ചെങ്കിലും അന്തിമ തീരുമാനം കേന്ദ്രം കൈക്കൊള്ളും. സിപിഐയുടെ സമ്മർദ്ദത്തിന് വഴങ്ങി ഉണ്ടാക്കിയ ഉപസമിതി ഉടനൊന്നും റിപ്പോർട്ട് നൽകില്ല. തടഞ്ഞുവെച്ച എസ്എസ്കെ ഫണ്ടിലെ ആദ്യ ഗഡൂവായ 300 കോടി കിട്ടാനിരിക്കെയാണ് പിഎം ശ്രീയിലെ പിന്നോട്ട് പോക്ക്.
ഒരാഴ്ച നീണ്ട പിഎം ശ്രീ വിവാദത്തിനൊടുവിലാണ് കേരളത്തിൻറെ യൂ ടേൺ. കരാറിൽ നിന്ന് പിന്മാറാൻ കേന്ദ്രത്തിനാണ് അധികാരം. ഇവിടെ കേരളം പിന്മാറിയതല്ല. സാങ്കേതികമായി തുടർനടപടി നിർത്തിവെച്ചതാണ്. ഒപ്പിട്ട ധാരണാപത്രം പഠിക്കാനാണ് ഉപസമിതി വെച്ചത്. സമതി ശരിക്കും വിവാദം തണുപ്പിക്കാനുള്ള നടപടി മാത്രം. അടുത്തെങ്ങും സമിതി ചേരാനോ റിപ്പോർട്ട് നൽകാനോ ഉള്ള സാധ്യത വളരെ കുറവാണ്. ഉടൻ തദ്ദശ തെരഞ്ഞെടുപ്പ് വിജ്ഞപനവും ഇറങ്ങും. പിന്നോട്ട് പോകലിൽ വിദ്യാഭ്യാസവകുപ്പിന് വലിയ തിരിച്ചടിയാണ് ലഭിച്ചത്. കേന്ദ്രം തടഞ്ഞുവെച്ച എസ്എസ്കെ ഫണ്ടിലെ 925 കോടിയിൽ 300 കോടി ഉടൻ നൽകാനിരിക്കെയാണ് പിന്മാറ്റം.
എസ്എസ് കെ യും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും തമ്മിലെ നടപടിക്രമങ്ങൾ ഏറ്റവും അവസാന ഘട്ടത്തിലെത്തിക്കഴിഞ്ഞിരുന്നു. വിദ്യാഭ്യാസ വകുപ്പിലെയും എസ്എസ് കെയിലെയും ഉദ്യോഗസ്ഥർ അവസാന നിമിഷം വരെ കരുതിയത് പിന്നോട്ട് പോകില്ലെന്നായിരുന്നു. പക്ഷെ കേരളത്തിൻറെ പിന്മാറ്റം കേന്ദ്രം മനസ്സിലാക്കി. ഈ സാഹചര്യത്തിൽ ഫണ്ട് വിതരണം അനിശ്ചിതത്വത്തിലായി. ഫണ്ടാണ് പ്രധാനമെന്ന് ആവർത്തിച്ച വിദ്യാഭ്യാസമന്ത്രിയും വെട്ടിലായി. പഞ്ചാബ് നേരത്തെ പിഎം ശ്രീയിൽ പിന്മാറിയതോടെ ഫണ്ട് കേന്ദ്രം തടഞ്ഞുവെച്ചു. പിന്നീട് വീണ്ടും ചെർന്നതോടെയാണ് പണം കിട്ടിയത്.



