Asianet News MalayalamAsianet News Malayalam

കേരളത്തിലെ കൊവിഡ് സാഹചര്യം പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തും

കേരളമടക്കം ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായിട്ടാണ് പ്രധാനമന്ത്രി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തുന്നത്. 

PM to monitor the covid situation in kerala
Author
Delhi, First Published Jul 13, 2021, 3:57 PM IST

ദില്ലി: കേരളത്തിലെ കൊവിഡ് സാഹചര്യം പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തും. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി ച‍ര്‍ച്ച നടത്തുന്നുണ്ട്. കേരളമടക്കം ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായിട്ടാണ് പ്രധാനമന്ത്രി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തുന്നത്. 

അതേസമയം പ്രതിരോധ നടപടികളില്‍ വീഴ്ച പറ്റിയാല്‍ കൊവിഡ് മൂന്നാം തരംഗത്തെ തടയാനാവില്ലെന്ന് പ്രധാനമന്ത്രി ഇന്ന് മുന്നറിയിപ്പ് നൽകി. അലസത കാരണം വലിയ വിപത്തിനെ ക്ഷണിച്ചുവരുത്തരുതെന്നും മോദി മുന്നറിയിപ്പ് നല്‍കി. ചില സംസ്ഥാനങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് താഴാത്തതില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി ആശങ്കയറിയിച്ചു. 

വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ തടിച്ചുകൂടുന്ന ആള്‍ക്കൂട്ടങ്ങളില്‍ ആശങ്കയറിയിച്ചാണ്  മൂന്നാംതരംഗത്തെ കുറിച്ചുള്ള മുന്നറിയിപ്പ് പ്രധാനമന്ത്രി നല്‍കിയത്. മാസ്കോ, സാമൂഹിക അകലം പാലിക്കലോ ഇവിടങ്ങളില്‍ കാണാനില്ല. കൊവിഡില്‍ വിനോദ സഞ്ചാരമേഖലക്ക് സാമ്പത്തിക തിരിച്ചടിയുണ്ടായി എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ആഘോഷിക്കേണ്ട സമയമല്ല ഇതെന്നും മോദി  മുന്നറിയിപ്പ് നല്‍കി. 

കൊവിഡ് മൂന്നാം തംരഗ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിലാണ് എട്ട് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി സംസാരിച്ചത്. ജൂലൈ ആദ്യവാരം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19 ശതമാനം വരെയെത്തിയ സിക്കിമില സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ചില സംസ്ഥാനങ്ങളിലെ താഴാത്ത ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍   ആശങ്കയറിയിച്ചത്. വൈറസുകളില്‍ ഇപ്പോഴും തുടരുന്ന ജനിതമാറ്റമാണ് പ്രധാന വെല്ലുവിളി. പഠനങ്ങള്‍ പുരോഗമിക്കുകയാണെങ്കിലും പ്രതിരോധത്തിലോ ചികിത്സയിലോ വീഴ്ച പാടില്ലെന്നും പ്രധാനമന്ത്രി ആവര്‍ത്തിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios