രാജ്യം പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നത്. 

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി അൽപസമയത്തിനകം രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കും. കൊവിഡിൻ്റെ രണ്ടാം തരം​ഗത്തിൽ രാജ്യം പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നത്. ഇന്ന് രാത്രി 8.45-ന് മോദി രാജ്യത്തോട് സംസാരിക്കും എന്നാണ് വാ‍ർത്താ ഏജൻസിയായ എഎൻഐ റിപ്പോ‍ർട്ട് ചെയ്യുന്നത്.

കൊവിഡ് വ്യാപനം അതിശക്തമായതിനെ തുടർന്ന് രാജ്യം അതീവ ജാഗ്രതയിലാണ്. പല സംസ്ഥാനങ്ങളും ഇതിനോടകം ലോക്ക് ഡൌണ് പ്രഖ്യാപിച്ചു. ചില സംസ്ഥാനങ്ങൾ വാരാന്ത്യലോക്ക് ഡൌണും രാത്രികർഫ്യുവും ഏർപ്പെടുത്തി. ഉത്തരേന്ത്യൻ സംസ്ഥനങ്ങളിലെല്ലാം അതിവേഗതയിലാണ് കൊവിഡ് വ്യാപനം നടക്കുന്നത്. വൈറസിന് വകഭേദം സംഭവിച്ചത് വെല്ലുവിളി ഇരട്ടിയാക്കുന്നുണ്ട്.

ജനുവരി 16-ന് ആരംഭിച്ച കൊവിഡ് വാക്സിനേഷൻ മൂന്ന് മാസം പിന്നിടുമ്പോൾ 12 കോടി പേർ ഇതുവരെ ആദ്യഡോസ് വാക്സിൻ സ്വീകരിച്ചു. എന്നാൽ ആകെ ജനസംഖ്യയുടെ രണ്ട് ശതമാനം പോലും രണ്ട് ഡോസ് വാക്സിൻ എടുത്തിട്ടില്ല. വാക്സിനേഷനോട് ജനം ഇപ്പോൾ കൂടുതൽ സഹകരിക്കുന്നുണ്ടെങ്കിലും വാക്സിൻ ക്ഷാമം രൂക്ഷമാണ്. അടിയന്തര സാഹചര്യം നേരിടാൻ കൂടുതൽ വാക്സിനുകൾക്ക് അനുമതി നൽകുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. 18 വയസ് കഴിഞ്ഞ എല്ലാവർക്കും വാക്സിൻ നൽകാനും തീരുമാനമായിട്ടുണ്ട്. എന്നാൽ നൂറ് കോടിയിലേറെ വരുന്ന ജനങ്ങൾക്ക് ആവശ്യമായത്ര വാക്സിൻ്റെ ഉത്പാദനവും വിതരണവും വാക്സിനേഷൻ്റെ ഏകോപനവും ഏത് രീതിയിലാണെന്ന കാര്യം ഇനിയും വ്യക്തമല്ല.