Asianet News MalayalamAsianet News Malayalam

കോഴിക്കോട് കോർപറേഷൻ ബാങ്ക് അക്കൗണ്ട് തിരിമറി; 2.53 കോടി രൂപയും അക്കൗണ്ടിൽ തിരിച്ചിട്ട് പഞ്ചാബ് നാഷണൽ ബാങ്ക്

കോഴിക്കോട് ലിങ്ക് റോഡ് ശാഖയിലെ അക്കൗണ്ടില്‍ നിന്നാണ് പണം തിരിമറി നടത്തിയത്. റിജില്‍ ഈ ശാഖയില്‍ നേരത്തെ മാനേജരായിരുന്നു

PNB pays back 253 lakh rupees to Kozhikode corporation
Author
First Published Dec 1, 2022, 3:49 PM IST

കോഴിക്കോട്: കോഴിക്കോട് കോർപറേഷനിലെ ബാങ്ക് അക്കൗണ്ട് തിരിമറിയുമായി ബന്ധപ്പെട്ട സംഭവത്തിൽ, പഞ്ചാബ് നാഷണൽ ബാങ്ക് പണം കോർപറേഷന് തിരികെ നൽകി. 2.53 കോടി രൂപയാണ് കോർപറേഷന്റെ അക്കൗണ്ടിൽ തിരിച്ചടച്ചത്. ബാങ്ക് മാനേജർ എം പി റിജിൽ സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റിയിരുന്നു. ഇത് സംബന്ധിച്ച് കോഴിക്കോട് കോർപറേഷൻ സെക്രട്ടറി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പണം തിരിച്ചടച്ചത്.

പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ എരഞ്ഞിപ്പാലം ശാഖയിലെ മാനേജറാണ് റിജില്‍. ഇദ്ദേഹം തന്‍റെ അച്ഛന്‍റെ അക്കൗണ്ടിലേക്ക് 98 ലക്ഷത്തിലേറെ രൂപ മാറ്റിയതായാണ് കോര്‍പ്പറേഷന്‍ ആദ്യം കണ്ടെത്തിയത്. അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കോര്‍പ്പറേഷന്‍ ബാങ്കിനെ സമീപിച്ചപ്പോഴാണ് പണമില്ലെന്ന് കണ്ടെത്തിയത്. അന്വേഷിച്ചപ്പോള്‍ ബാങ്കിന്റെ ഭാഗത്തുണ്ടായ പിശകെന്നായിരുന്നു പറഞ്ഞത്. തുടർന്ന് പണം അക്കൗണ്ടിലേക്ക് ഓട്ടോ ക്രെഡിറ്റാവുകയും ചെയ്തു.

പിന്നീട് മറ്റൊരു അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ച ശേഷം, കോര്‍പ്പറേഷന്‍ അധികൃതർ ബാങ്ക് അക്കൗണ്ടിന്റെ വിശദമായ വിവരങ്ങള്‍ ശേഖരിച്ചു. അപ്പോഴാണ് വലിയ തിരിമറി നടന്നത് കണ്ടെത്തിയത്. 2.53 കോടി രൂപയുടെ തിരിമറിയാണ് നടന്നത്. സംഭവത്തിന് പിന്നാലെ ബാങ്ക് മാനേജര്‍ റിജിലിനെ പഞ്ചാബ് നാഷണല്‍ ബാങ്ക് സസ്പെന്‍റ്  ചെയ്തിരുന്നു. ബാങ്ക് ആഭ്യന്തര അന്വേഷണവും ആരംഭിച്ചു. കോര്‍പറേഷന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 13 അക്കൗണ്ടുകളാണ് ഉള്ളത്. ഇതില്‍ കോഴിക്കോട് ലിങ്ക് റോഡ് ശാഖയിലെ അക്കൗണ്ടില്‍ നിന്നാണ് പണം തിരിമറി നടത്തിയത്. റിജില്‍ ഈ ശാഖയില്‍ നേരത്തെ മാനേജരായിരുന്നു. ലിങ്ക് റോഡ് ശാഖയിലെ മാനേജരുടെ പരാതിയിലും ടൗണ്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios