Asianet News MalayalamAsianet News Malayalam

പോക്സോ കേസ് പ്രതിക്കായി ഇടപെട്ടെന്ന ആരോപണം; റഹീമിനെ പരസ്യ സംവാദത്തിന് ക്ഷണിച്ച് മാത്യു കുഴൽനാടൻ

പോക്സോ കേസ് പ്രതിക്കായി  ഇടപെട്ടതിന് തെളിവുണ്ടെന്ന എഎ റഹിമിന്റെ ആരോപണത്തിൽ മറുപടിയുമായി മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ. 

Pocso case accused of interference allegation Rahim was invited by Mathew Kuzhalnadan for a public discussion
Author
Kerala, First Published Jul 3, 2021, 11:26 PM IST

തിരുവനന്തപുരം: പോക്സോ കേസ് പ്രതിക്കായി  ഇടപെട്ടതിന് തെളിവുണ്ടെന്ന എഎ റഹിമിന്റെ ആരോപണത്തിൽ മറുപടിയുമായി മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ. പ്രതിയുടെ മുൻ‌കൂർ ജാമ്യപേക്ഷ സമർപ്പിച്ചത് മാത്യു കുഴൽ നാടനാണെന്ന് രേഖകൾ പുറത്തുവിട്ടുകൊണ്ട് ഡിവൈഎഫ്ഐ കുറ്റപ്പെടുത്തിയിരുന്നു

തനിക്കെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന അപവാദ പ്രചാരണങ്ങൾ നടക്കുമ്പോൾ, ആ പുകമറ നീക്കാനാണ് പ്രതികരണം. ഈ വിഷയത്തിൽ തയ്യാറെങ്കിൽ തലസ്ഥാനത്ത് തിങ്കളാഴ്ച റഹീം ആവശ്യപ്പെടുന്നിടത്ത് സംവാദത്തിന് എത്താമെന്നും മാത്യു കുഴൽനാടൻ ഫേസ്ബുക്കിൽ കുറിച്ചു.

കുഴൽ നാടന്റെ ഫേസ്ബുക്ക് കുറിപ്പ്

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിനോടാണ്.. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മൂവാറ്റുപുഴയിലെ പോക്സോ കേസുമായി ബന്ധപ്പെട്ട് നിങ്ങൾ എനിക്ക് എതിരെയും പാർട്ടിക്കെതിരെയും അപവാദ പ്രചരണങ്ങൾ നടത്തി കൊണ്ടിരിക്കുകയാണല്ലോ. 

എന്നെ പ്രതി നിങ്ങൾ സൃഷ്ടിച്ചിട്ടുള്ള പുകമറ മാറ്റേണ്ടത് പൊതു പ്രവർത്തകൻ എന്ന നിലയിൽ എന്റെയും, അതിലേറെ പാർട്ടിയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിന് ആവശ്യമാണ് എന്നതുകൊണ്ടാണ് ഈ പ്രതികരണം. 

നിങ്ങളുടെ വെല്ലുവിളി നിറഞ്ഞ മനസ്സോടെ ഞാൻ ഏറ്റെടുക്കുന്നു.. നമുക്ക് ഈ കാര്യത്തിൽ ഒരു പരസ്യ സംവാദം ആകാം.. ബാക്കി പൊതുജനം തീരുമാനിക്കട്ടെ.. നിങ്ങൾ തയ്യാറെങ്കിൽ തലസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ 10 മണിക്ക് നിങ്ങൾ പറയുന്ന വേദിയിൽ ഞാൻ എത്താം.

താൻ നേരിട്ട് പ്രതിക്കായി ഹാജരായിട്ടില്ലെന്നും താനുൾപ്പെട്ട നിയമസ്ഥാപനമാണ് കേസ് ഏറ്റെടുത്തതെന്നും മാത്യു കുഴൽനാടൻ നേരത്തെ വിശദീകരിച്ചിരുന്നു.  കോടതിയിൽ നിന്നും വന്ന ഉത്തരവ് പരിശോധിച്ചാൽ ആരാണ് ഹാജരായതെന്ന് മനസ്സിലാകും. ഇക്കാര്യത്തിൽ ഡിവൈഎഫ്ഐ രാഷ്ട്രീയ വിവാദം ഉയർത്തുകയാണെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കിയിരുന്നു.

 മൂവാറ്റുപുഴ പോക്സോ കേസിൽ രണ്ടാം പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് ഷാൻ മുഹമ്മദിനു വേണ്ടി മാത്യു കുഴൽനാടൻ കോടതിയിൽ ഹാജരായി എന്നാണ് ഡിവൈഎഫ്ഐ യുടെ ആരോപണം. കേസ് ഏറ്റെടുത്ത ഒപ്പിട്ട രേഖകളും ഡിവൈഎഫ്ഐ പുറത്തുവിട്ടു.  ഒളിവിലായ പ്രതിക്ക് ഇപ്പോഴും എംഎൽഎ പിന്തുണ നൽകുന്നുവെന്ന് ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി. 

ഇതിനെതിരെ ചൊവ്വാഴ്ച മൂവാറ്റുപുഴയിൽ ജനകീയ വിചാരണ സംഘടിപ്പിക്കും. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി റിയാസ് റിമാൻഡിലാണ്. യൂത്ത് കോൺഗ്രസ് എറണാകുളം ജില്ല സെക്രട്ടറി ഷാൻ മുഹമ്മദിന്‍റെ ഡ്രൈവറാണ് റിയാസ്. 

പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡന വിവരം മറച്ച് വെയ്ക്കാൻ ശ്രമിച്ചെന്നാണ് ഷാൻ മുഹമ്മദിനെതിരായ കുറ്റം. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം എറണാകുളം പോക്സോ കോടതി തള്ളിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios