പോക്സോ കേസിൽ ഒളിവിൽ പോയ കലാമണ്ഡലം അധ്യാപകനെ ചെന്നൈയിൽ വെച്ച് പിടികൂടി. കലാമണ്ഡലത്തിലെ കൂടിയാട്ടം വിഭാ​ഗം അധ്യാപകനായ കലാമണ്ഡലം കനകകുമാറാണ് പിടിയിലായത്.

തൃശ്ശൂർ: പോക്സോ കേസിൽ ഒളിവിൽ പോയ കലാമണ്ഡലം അധ്യാപകനെ ചെന്നൈയിൽ നിന്ന് പിടികൂടി തൃശൂർ ചെറുതുരുത്തി പോലീസ്. കലാമണ്ഡലത്തിലെ കൂടിയാട്ടം വിഭാഗം അധ്യാപകനായ കലാമണ്ഡലം കനകകുമാറിനെയാണ് പോലീസ് വലയിലാക്കിയത്. വിദ്യാർഥികളുടെ പരാതിയിൽ അഞ്ച് പോക്സോ കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.

കലാമണ്ഡലത്തിലെ കൂടിയാട്ടം വിഭാഗം അധ്യാപകനായ കലാമണ്ഡലം കനകകുമാറിനെതിരെയാണ് അപമര്യാദയായി പെരുമാറിയെന്ന വിദ്യാർഥികളുടെ വ്യാപകമായ പരാതി ഉയർന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ കലാമണ്ഡലം അധികൃതർ നൽകിയ പരാതിയിൽ കഴിഞ്ഞ 10 ആം തീയതി പോക്സോ വകുപ്പുകൾ ചുമത്തി ചെറുതുരുത്തി പോലീസ് കേസെടുത്തു. ആദ്യം രണ്ട് വിദ്യാർഥികളുടെ മൊഴിപ്രകാരവും പിന്നീട് മൂന്ന് വിദ്യാർഥികളുടെ മൊഴിപ്രകാരവുമാണ് അധ്യാപകനെതിരെ അഞ്ച് പോക്സോ കേസുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്. പരാതികൾ ലഭിച്ചതിന് പിന്നാലെ തന്നെ കലാമണ്ഡലത്തിൽ നിന്ന് കനകകുമാറിനെ അധികൃതർ പുറത്താക്കിയിരുന്നു.

കേസെടുത്തതറിഞ്ഞ് ഒളിവിൽ പോയ കനകകുമാറിനെ ഞായറാഴ്ച്ച രാത്രി ചെന്നൈയിൽ നിന്നാണ് ചെറുതുരുത്തി പൊലീസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. എസ്ഐ ജോളി സെബാസ്റ്റ്യൻ, എസ് സിപിഒമാരായ വിനീത് മോൻ, ജയകൃഷ്ണ‌ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പോക്സോ കേസുകളിൽ ഒളിവിലായിരുന്ന കലാമണ്ഡലം അധ്യാപകനെ പിടികൂടി