തിരുവനന്തപുരം: നെയ്യാറ്റിൻകര നെടിയാംകോട് പോക്സോ കേസിൽ ഇരയായ പതിനാറുകാരി പ്രസവിച്ച കുഞ്ഞ് മരിച്ചു. 56 ദിവസം പ്രായമുള്ള ആൺകുട്ടിയാണ് മരിച്ചത്. മുലപ്പാൽ കുടിക്കുന്നതിനിടെ കുട്ടി മരിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടിയും അമ്മയും പൊലീസിനോട് പറഞ്ഞത്. ഇന്നലെയാണ് പോക്സോ കേസിലെ ഇരയായ പെൺകുട്ടിയുടെ 56 ദിവസം മാത്രം പ്രായമുള്ള ആൺകുട്ടി മരിക്കുന്നത്. സ്വാഭാവിക മരണമാണെന്നാണ് പ്രാഥമിക നിഗമനമെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് വന്നതിന് ശേഷമെ കൂടുതൽ വിവരങ്ങൾ ലഭ്യമാവൂ എന്നുമാണ് പൊലീസ് പറയുന്നത്. 

പെൺകുട്ടിയുടെ പ്രസവമടക്കം നടന്നത് വീട്ടിലായിരുന്നുവെന്നാണ് അറിയാൻ കഴിയുന്നത്. പ്രേമം നടിച്ചെത്തിയ അയൽവാസി കഴിഞ്ഞ വർഷം ജനുവരിയിൽ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഗർഭിണിയായ വിവരം പെൺകുട്ടി മറച്ചുവെച്ചെന്നും ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിയപ്പോളാണ് വിവരമറിയുന്നതെന്നും പൊലീസ് പറഞ്ഞു. തുടർന്ന് അയൽവാസിക്കെതിരെ പൊലീസ് പൊക്സോ കേസെടുത്തിരുന്നു. എന്നാൽ ഇയാൾ ഒളിവിലാണെന്നും ഇതുവരെ പിടികൂടാനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു