ശ്രീകണ്ഠാപുരത്ത് പ്ലസ് വൺ  വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ പൊലീസ് നടപടി

കണ്ണൂർ: ശ്രീകണ്ഠാപുരത്ത് പ്ലസ് വൺ വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ പൊലീസ് നടപടി. സഹലിനെ മർദിച്ച ആര് പ്ലസ്ടു വിദ്യാർത്ഥികൾക്കെതിരെയും ശ്രീകണ്ഠാപുരം പൊലീസ് കേസ് എടുത്തു. വിദ്യാർത്ഥികളെ സ്കൂളിൽ നിന്നും സസ്പെന്റ് ചെയ്യാനും സാധ്യത ഏറി. അന്തിമ തീരുമാനം പി.ടി.എ എക്സിക്യൂട്ടീവ് യോഗത്തിൽ എടുക്കും.

കഴിഞ്ഞ തിങ്കളാഴ്ച്ച ഉച്ചയ്ക്കാണ് ബ്ലാത്തൂർ സ്വദേശി സഹലിനെ ശ്രീകണ്ഠാപുരം ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ഒരു കൂട്ടം പ്ലസ്ടു വിദ്യാർത്ഥികൾ ചേർന്ന് മർദിച്ചത്.മുടി വളർത്തിയതും ഷർട്ടിന്റെ ബട്ടൻസ് ഇട്ടതും ചോദ്യം ചെയ്തായിരുന്നു മർദനം.സഹലിന്റെ കുടുംബത്തിന്റെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്.സംഘം ചേർന്ന് കൈ കൊണ്ട് അടിച്ചതിനാണ് കേസ്.

വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യണമെന്നാണ് സഹലിന്റെ കുടുംബത്തിന്റെ ആവശ്യം. മർദനമേറ്റ കാര്യം സഹൽ രക്ഷിതാക്കളോട് പറഞ്ഞിരുന്നില്ല , തലവേദന ഉണ്ടായതിനെ തുടർന്ന് ആശുപതിയിൽ എത്തിച്ചപ്പോഴാണ് ചെവിയിൽ നീർക്കെട്ടുള്ളതായി അറിയുന്നത്. പിന്നീട് സോഷ്യൽ മീഡിയ വഴി പ്രചരിച്ച ദൃശ്യങ്ങൾ കണ്ടാണ് കുടുംബം കാര്യങ്ങൾ അറിയുന്നത്.

വിദ്യാർത്ഥികളുടെ അക്രമത്തിൽ വ്യാപക പ്രതിഷേധമാണ് രക്ഷകർത്താക്കളുടെ ഭാഗത്തു നിന്നും ഉയരുന്നത്. ഇതിനും മുൻപും സമാനമായ അനുഭവം പല വിദ്യാർത്ഥികൾക്കും ഉണ്ടായിട്ടുണ്ട് , എന്നാൽ ഭയം കൊണ്ട് ആരും പരാതിപ്പെട്ടില്ലെന്നാണ് വിവരം. വിഷയം ചർച്ച ചെയ്യാൻ അടുത്ത ദിവസം പി ടി എ എക്സിക്യുട്ടീവ് യോഗം ചേരും.

Read more: 'മുന്തിയ ഇനം നായ്ക്കള്‍ മുതല്‍ വെള്ളക്കുതിര വരെ'; ഹണി ട്രാപ്പിലൂടെ ഒഡിഷ സുന്ദരി സമ്പാദിച്ചത് 30 കോടി !

അതേസമയം വർക്കല എസ് എൻ കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥികളെ മൂന്നാം വർഷ വിദ്യാർത്ഥികൾ റാഗ് ചെയ്ത സംഭവത്തിൽ മാതൃകാപരമായ നടപടി സ്വീകരിച്ച് കോളേജ് അധികൃതർ. കോളേജിലെ ആൻ്റി റാഗിംഗ് സ്ക്വാഡിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി, കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് വിദ്യാർത്ഥികളെ കോളേജിൽ നിന്ന് പുറത്താക്കുകയും സംഭവത്തെ കുറിച്ച് വിശദമായ റിപ്പോർട്ട് തുടർ അന്വേഷണത്തിനും നടപടികൾക്കുമായി വർക്കല പൊലീസിന് കൈമാറുകയും ചെയ്തു. ബി ജൂബി, ആർ ജിതിൻ രാജ്, എസ് മാധവ് എന്നിവരെയാണ് കോളേജിൽ നിന്ന് പുറത്താക്കിയത്.