ചൈല്‍ഡ് ലൈന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്നാണ് സിഡബ്ല്യുസിയുടെ ആരോപണം. 

മലപ്പുറം: വണ്ടൂരിൽ മൂന്നര വയസുകാരിയെ പട്ടിണിക്കിട്ട് മർദിച്ച സംഭവത്തില്‍ പൊലീസിനെതിരെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി. പരാതി ഇല്ലാത്തതിനാല്‍ കേസെടുക്കാന്‍ കഴിയില്ലെന്ന പൊലീസ് വാദം തള്ളിയിരിക്കുകയാണ് സിഡബ്ല്യുസി. മർദിച്ചവർക്കെതിരെ സ്വമേധയാ കേസെടുക്കാൻ വകുപ്പ് ഉണ്ടായിട്ടും പോലീസ് തയാറാകുന്നില്ല. ചൈല്‍ഡ് ലൈന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്നാണ് സിഡബ്ല്യുസിയുടെ ആരോപണം.

അതേസമയം കുട്ടിയ്ക്ക് എതിരായ ക്രൂരത അറിഞ്ഞിട്ടും ഇടപെടാതിരുന്ന ശിശുവികസന ഓഫീസർമാർക്ക് എതിരെ നടപടി എടുക്കും എന്ന് സിഡബ്ല്യുസി ചെയര്‍മാന്‍ പറഞ്ഞു. വണ്ടൂരില്‍ മൂന്നരവയസുകാരി മുത്തശ്ശിയുടെ ക്രൂരമര്‍ദ്ദനത്തിനാണ് ഇരയായത്. വണ്ടൂരിന് സമീപം പൂളക്കുന്ന് നാല് സെന്‍റ് കോളനിയിലാണ് സംഭവമുണ്ടായത്. ദിവസങ്ങളായി ആവശ്യത്തിന് ആഹാരം ലഭിക്കാത്തതിനാല്‍ എല്ലുകള്‍ പൊന്തിയ നിലയിലായിരുന്നു. കുട്ടിയെ ഈ നിലയില്‍ വീടിന് പുറത്തുകണ്ട അയല്‍വാസികളാണ് ഇക്കാര്യം ചൈല്‍ഡ് ലൈനിനെ അറിയിച്ചത്.