മുതലപ്പൊഴിയിൽ ഡ്രഡ്ജിങ് വിഷയത്തിൽ നാട്ടുകാരുടെ പ്രതിഷേധം പൊലീസുമായുള്ള ഏറ്റുമുട്ടലിൽ എത്തിനിൽക്കുന്നു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ നാട്ടുകാരുടെ പ്രതിഷേധം സംഘർഷത്തിലേക്ക് മാറി. ഡ്രഡ്‌ജിങ് നടക്കുന്നില്ലെന്ന് ആരോപിച്ച് സംഘടിച്ചെത്തിയ നാട്ടുകാർ ഹാർബർ എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിലേക്ക് തള്ളിക്കയറിയിരുന്നു. സ്ഥലത്തെത്തിയ പൊലീസുകാരുമായാണ് നാട്ടുകാർ ഏറ്റുമുട്ടിയത്. സംഘർഷത്തിനിടയിൽ ഒരാൾ ഹാർബർ എൻജിനീയറിങ് ഓഫീസിന്റെ ജനാല അടിച്ചു തകർത്തു. ജനാല തകർത്തയാളെ പിടികൂടിയ പോലീസിന്റെ നേരെ മത്സ്യത്തൊഴിലാളികൾ പാഞ്ഞടുത്തു. സംഘർഷത്തിനിടയിലും ഇയാളെ പൊലീസുകാർ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇതോടെ സ്ഥിതിഗതികൾ വൻ സംഘർഷത്തിലേക്ക് നീങ്ങുമെന്ന നിലയിലാണ്.