Asianet News MalayalamAsianet News Malayalam

അനുപമയുടെ പരാതി അട്ടിമറിച്ച് ശിശുക്ഷേമസമിതി: അന്വേഷണം വിപുലപ്പെടുത്തി പൊലീസ്

അനുപമയുമായി വീഡിയോ  കോണ്ഫറൻസ് നടത്തിയെന്ന് ശിശുക്ഷേമസമിതി സ്ഥിരീകരിച്ചെങ്കിലും പരാതി രേഖാമൂലം ലഭിച്ചിട്ടില്ല എന്നാണ് പറയുന്നത്.

Police approached Central adoption committee on anupma issue
Author
Thiruvananthapuram, First Published Oct 23, 2021, 11:55 AM IST

തിരുവനന്തപുരം: അനുപമയുടെ (Anupama) കുഞ്ഞിനെ കാണാതായ സംഭവത്തിൽ ശിശുക്ഷേമസമിതി (child welfare committee) നടത്തിയ അട്ടിമറിയുടെ വിശദാംശങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. അനുപമയുടേയും ഭർത്താവ് അജിത്തിൻ്റേയും പരാതി വീഡിയോ കോണ്‍ഫറന്‍സ് വഴി 18 മിനുട്ട് കേട്ടിട്ടും ശിശുക്ഷേമസമിതി അധ്യക്ഷ പരാതിയിൽ ഒരു നടപടിയെടുക്കാനും തയ്യാറായില്ല. ശിശുക്ഷേമസമിതി അധ്യക്ഷ സുനന്ദയ്ക്ക് (Sunanda) അനുപമ നൽകിയ വിവരാവകാശ മറുപടിയിലും വിചിത്ര നിലപാടാണ് സ്ഥാപനമെടുത്തത്. കുഞ്ഞിനെ കാണാതായ പരാതി കിട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു മറുപടി. 

അനുപമയുടെ പരാതിയില്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു എന്നും മറുപടി എന്നാൽ പരാതി എഴുതിത്തരാന്‍ പറഞ്ഞിട്ട് തന്നില്ലെന്നും വിവരാവകാശ മറുപടിയിൽ പറയുന്നു. ശിശുക്ഷേമസമിതി അംഗവും പബ്ലിക് ഇന്‍ഫോര്‍മേഷന്‍ ഓഫീസറുമായ അഡ്വ. ധന്യയാണ് വിവരാവകാശ നിയമപ്രകാരം ഈ മറുപടി നല്‍കിയത്. അനുപമയുടെ പരാതി 2021 ഏപ്രില്‍ മാസം 22 ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നേരിൽ കേട്ടു എന്ന് ശിശുക്ഷേമസമിതി സ്ഥിരീകരിക്കുന്നുണ്ട്. എന്നാൽ എഴുതിക്കിട്ടാത്ത പരാതി ഇല്ലാത്തതിനാലാണ് ഇടപെടാതിരുന്നത് എന്നായിരുന്നു അധ്യക്ഷയുടെ നിലപാട്. 

അനുപമയുടെ വിഷയത്തിൽ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്നലെ പറഞ്ഞിരുന്നു. ഇന്ന് രാവിലെ അനുപമയുമായി വീണ ജോർജ്ജ് ഫോണിൽ നേരിട്ട് സംസാരിക്കുകയും ചെയ്തു. എഴുതിക്കിട്ടിയ പരാതിയിലേ നടപടി എടുക്കാനാകൂ എന്ന ശിശുക്ഷേമസമിതിയുടെ വാദം മന്ത്രി തള്ളുന്നു. പോലീസ് ശിശുക്ഷേമ സമിതിയിൽ വിവരങ്ങൾ തേടിയെങ്കിലും ദത്തിൻ്റെ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നാണ് സമിതി മറുപടി നൽകിയത്. സംഭവത്തിൽ ബാലാവകാശ കമ്മീഷനും കേസെടുത്തിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22 ന് പ്രസവിച്ച ശേഷം ആശുപത്രിയിൽ നിന്നും മടങ്ങും വഴി തിരുവനന്തപുരം ജഗതിയില്‍ വെച്ച് തന്‍റെ അമ്മയും അച്ഛനും ചേര്‍ന്ന് കു‍ഞ്ഞിനെ ബലമായി  എടുത്തുകൊണ്ടുപോയി എന്നായിരുന്നു മുൻ എസ്എഫ്ഐ നേതാവ് അനുപമയുടെ പരാതി. ഏപ്രില്‍ 19 ന് പേരൂര്‍ക്കട പോലീസില്‍ ആദ്യ പരാതി നല്‍കി. പിന്നീടങ്ങോട്ട് ഡിജിപി, മുഖ്യമന്ത്രി, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, സിപിഎം നേതാക്കള്‍ തുടങ്ങി എല്ലാവര്‍ക്കും പരാതി നല്‍കി. പക്ഷേ കുട്ടി ദത്ത് പോകുന്നവരെ എല്ലാവരും കണ്ണടച്ചു. ഒടുവില്‍ ഏഷ്യാനെറ്റ് ന്യൂസ് ഒക്ടോബര്‍ 14 ന് വാര്‍ത്ത പുറത്ത് കൊണ്ടുവന്നതിന് പിന്നാലെ ആണ് പരാതി കിട്ടി ആറ് മാസത്തിന് ശേഷം പോലീസ് എഫ്ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്തത്. ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയു തുടർവാർത്തകളും അമ്മയുടെ ദുരവസ്ഥ കൂടുതൽ പുറത്ത് കൊണ്ടുവരികയം വിവാദം ശക്തമാകുകയം ചെയ്തതോടെയാണ് അധികൃതർ കണ്ണ് തുറന്നത്. 

തുടക്കം മുതൽ ഒളിച്ചുകളിച്ച പോലീസും ഇപ്പോൾ അന്വേഷണം സജീവമാക്കിയിട്ടുണ്ട്. അഡോപ്ഷന്‍ ഏജന്‍സി, അനുപമ പ്രസവിച്ച നെയ്യാര്‍ മെഡിസിറ്റി തുടങ്ങിയ ഇടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കുഞ്ഞിനെ ദത്ത് നൽകിയതുമായി ബന്ധപ്പെട്ട് കേന്ദ്രഅഡോപ്ഷൻ റിസോഴ്സ് സമിതിക്ക് പൊലീസ് കത്ത് നൽകിയിട്ടുണ്ട്. 2020 ഒക്ടോബർ 19 നും 25 നും ഇടയിൽ ലഭിച്ച കുട്ടികളുട വിവരം നൽകണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്. 

കുട്ടിയുടെ ദത്ത് നടപടി പൂര്‍ത്തിയായി എന്നിരിക്കെ ഇനി സര്‍ക്കാരും പോലീസും എടുക്കുന്ന നടപടിയാണ് ഏറെ ശ്രദ്ധേയമാവുക. കുഞ്ഞിനെ കാണാതായ സംഭവത്തിൽ കേസെടുത്ത ബാലാവകാശ കമ്മീഷൻ ഡിജിപി,  സിറ്റി പൊലീസ് കമ്മീഷണർ, ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാൻ, സിഡബ്ളുസി  ചെയർപേഴ്സണ സുനന്ദ എന്നിവർ ഈ മാസം മുപ്പതിനകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. 

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഇന്നലെ പറഞ്ഞ കാര്യങ്ങൾ കുഞ്ഞിനെ ദത്തു കൊടുത്ത സംഭവം കൂടുതൽ സങ്കീർണമാക്കുകയാണ്. ശിശുക്ഷേമസമിതിയുടെ ജനറൽ സെക്രട്ടറിയാണ് ഷിജു ഖാൻ. അദ്ദേഹവുമായി അനുപമയുടെ വിഷയം സംസാരിച്ചിരുന്നുവെന്ന് ആനാവൂർ നാഗപ്പൻ തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെ എങ്ങനെയാണ് അനുപമയുടെ കുഞ്ഞാണെന്ന് അറിഞ്ഞു കൊണ്ട് കുട്ടിയെ ശിശുക്ഷേമസമിതി ദത്ത് കൊടുക്കുക? എന്തു കൊണ്ട് സത്യമറിഞ്ഞിട്ടും ഷിജുഖാൻ ദത്ത് കൊടുക്കാൻ സമ്മതിച്ചെന്ന് വ്യക്തമല്ല. ഏപ്രിൽ 19-ന് പേരൂർക്കട പൊലീസിലും മുഖ്യമന്ത്രിക്കും ഡിജിപിക്കും അനുപമയും അജിത്തും പരാതി കൊടുത്തെങ്കിലും എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യാതെ പൊലീസും ദത്തിന് ഒത്താശ ചെയ്തു. 

ഏപ്രിൽ 28-ന് ശിശുക്ഷേമസമിതി അധ്യക്ഷ സുനന്ദ അജിതും അനുപമയുമായി വീഡിയോ കോൺഫറൻസ് വഴി സംസാരിച്ചിരുന്നു. ഒക്ടോബ‍‍ർ 22-ന് ആശുപത്രിയിൽ പോയി തിരികെ വരും വഴി ജ​ഗതിയിൽ വച്ച് കാറിൽ നിന്നും അച്ഛനും അമ്മയും ചേ‍ർന്ന് തൻ്റെ കുഞ്ഞിനെ തട്ടിയെടുത്ത് കൊണ്ടു പോയെന്ന് അനുപമ കൂടിക്കാഴ്ചയിൽ സുനന്ദയോട് വ്യക്തമായി പറഞ്ഞിരുന്നു. ആ തീയതിയിൽ തൈക്കാട്ടെ ശിശുക്ഷേമ സമിതിയിൽ ഒരു കുഞ്ഞിനെയാണ് പ്രവേശിപ്പിച്ചതായി രേഖകളിൽ വ്യക്തമാവുന്നത്.  ഈ കുട്ടി ആരുടേതാണ് എന്ന് ശിശുക്ഷേമസമിതി അധികൃത‍ർക്ക് വ്യക്തമായി അറിയാമായിരുന്നു. എന്നിട്ടാണ് അതിവേ​ഗം ദത്ത് കൊടുക്കൽ നടപടികൾ പൂ‍‍ർത്തീകരിക്കാൻ ഇവർ ശ്രമിച്ചത് എന്നതാണ് ​ഗുരുതരമായ കാര്യം. 

Follow Us:
Download App:
  • android
  • ios