കൊല്ലം: കുളത്തൂപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പോക്സോ കേസ് പ്രതി വീണ്ടും പിടിയിലായി. ഒരു രാത്രി മുഴുവൻ കാട്ടിൽ കഴിഞ്ഞ പ്രതി രക്ഷപ്പെടാനായി കാടിനു പുറത്തിറങ്ങിയപ്പോൾ നാട്ടുകാർ ഓടിച്ചിട്ട് പിടിച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഒരു പകലും രാത്രിയും  മുഴുവൻ പൊലീസിനെയും വനപാലകരെയും ചുറ്റിച്ച ശേഷമാണ് തൃശൂരുകാരൻ ബാദുഷ നാട്ടുകാരുടെ പിടിയിൽ അകപ്പെട്ടത്.

ഇന്നലെ രാവിലെ കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനിൽ നിന്ന് ചാടിയ ബാദുഷ നെടുവന്നൂർ കടവ് വനമേഖലയിൽ രാത്രി മുഴുവൻ തള്ളി നീക്കി. ഇവിടെ പരിശോധന ഇവിടേക്ക് നീണ്ടതോടെ ചെന്തുരുണി വന്യജീവി സങ്കേതത്തിലേക്ക് ഒളിയിടം മാറ്റി. തുടർന്ന് ഇന്ന് രാവിലെയാണ് എവിടെ നിന്നോ സംഘടിപ്പിച്ച മാസ്കും ഇട്ട് കാടിന് പുറത്തിറങ്ങിയത്. 

രക്ഷപ്പെടാനായി ഓട്ടോസ്റ്റാൻഡിലെത്തി ഓട്ടോ വിളിച്ചു. എന്നാൽ ഡ്രൈവർമാർക്ക് സംശയം തോന്നിയതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നാലെ ഓടിയ നാട്ടുകാർ ബാദുഷയെ ഓടിച്ചിട്ട് പിടിച്ചു. ഒരു രാത്രി മുഴുവൻ കാട്ടിൽ കഴിഞ്ഞ ബാദുഷയുടെ ദേഹമാസകലം കുളയട്ട കടിച്ച് ചോര വാർന്ന നിലയിലായിരുന്നു. തുടർന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.പാലക്കാട് കൊപ്പത്ത് പതിമൂന്നുകാരിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ ബാദുഷ ഇന്നലെ രാവിലെയാണ് കുളത്തൂപ്പുഴ പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്.