കൊല്ലം: വാളത്തുങ്കലില്‍ ഭാര്യയുടെ മുഖത്ത് ആസിഡ്  ഒഴിച്ച ഗൃഹനാഥന്‍ അറസ്റ്റില്‍. ജയന് ആസിഡ് നല്‍കിയ കൊലപാതക്കേസിലെ പ്രതിയേയും ഇരിവിപുരം പൊലീസ് അറസ്റ്റു ചെയ്തു. വാളത്തുങ്കല്‍ സ്വദേശിയായ ജയന്‍ ഈ മാസം ഒന്നാം തിയതിയാണ് ഭാര്യയുടെയും പതിനാല് വയസുള്ള മകളുടെയും മുഖത്ത് ആസിഡ് ഒഴിച്ചത്. കൃത്യത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. മാഹിയിലേക്ക് കടന്ന ജയന്‍ പിന്നാലെ പൊലീസുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ കഴിഞ്ഞ ദിവസം കൊല്ലത്ത് മടങ്ങിയെത്തി. 

തുടർന്നായിരുന്നു അറസ്റ്റ്. വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ജയനെതിരെ ചുമത്തിയത്. ജയന് ആസിഡ് നല്‍കിയ മയ്യനാട് വടക്കുംകര സ്വദേശി സുരേഷും പിടിയിലായി. കൊലക്കേസിലെ പ്രതിയായ സുരേഷിന് എവിടെ നിന്നാണ് ആസിഡ് ലഭിച്ചതെന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണ്. ആക്രമണത്തില്‍ പരുക്കേറ്റ രജിയും മകളും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. നാല്‍പതുശതമാനത്തില്‍ അധികം പൊള്ളലേറ്റ രജി  അപകടനില തരണം ചെയ്തെങ്കിലും തുടർചികിൽസകൾക്കടക്കം ബുദ്ധിമുട്ട് നേരിടുകയാണ്.