കണ്ണൂർ: പരോളിലിറങ്ങി മഹാരാഷ്ട്രയിലേക്ക് മുങ്ങിയ പ്രതി പിടിയിൽ.കൂത്തുപറമ്പിൽ ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അണ്ണേരി വിപിനാണ് പിടിയിലായത്. വിപിനെ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചു. 
ഇയാളെ പനിയെ തുടർന്ന് ജയിലിൽ നിരീക്ഷണത്തിലേക്ക് മാറ്റി. കൊവിഡ് 19 വൈറസ് രാാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് സ്ഥിരീകരിച്ച മഹാരാഷ്ട്രയിലായിരുന്നു ഇയാൾ ഒളിവിൽ കഴിഞ്ഞത്. 

പനിയോടെ നാട്ടിൽ തിരിച്ചെത്തിയ ഇയാളെ  ഇന്നലെ പിടികൂടി ജയിലിലെ മറ്റു തടവുകാർക്കൊപ്പം താമസിപ്പിച്ചത് കണ്ണൂർ സെൻട്രൽ ജയിലിൽ കൊവിഡ് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സഹതടവുകാർ ബഹളം വച്ചതോടെയാണ് ഇയാളെ ഐസൊലേഷൻ സെല്ലിലേക്ക് മാറ്റിയത്. എന്നാൽ 
വീഴ്ച പറ്റിയിട്ടില്ലെന്ന് ജയിൽ സൂപ്രണ്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ജയിൽ ഡിജിപിക്ക് വിശദീകരണം നൽകിയിട്ടുണ്ടെന്നും സൂപ്രണ്ട്. പനിയാണെന്ന് മനസിലാക്കിയ ഉടനെ തന്നെ ഇയാളെ പ്രത്യേകം നിരീക്ഷണ സെല്ലിലേക്ക് മാറ്റിയെന്നാണ് വിശദീകരണം. 
മഹാരാഷ്ട്രയിലെ സൊലാപൂരിലാണിയാൾ പോയത്. 

മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 11 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ 63 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. രോഗം കൂടുതൽ പേരിലേക്ക് പടരുന്ന സാഹചര്യത്തിൽ കർശന ജാഗ്രതയും പ്രതിരോധനടപടികളുമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. കൊവിഡ്  പ്രതിരോധത്തിനായി മഹാരാഷ്ട്രയിലെ നാല് നഗരങ്ങളിൽ കടകളും ഓഫീസുകളും അടച്ചുള്ള കടുത്ത നിയന്ത്രണം നടപ്പാക്കുകയാണ് സർക്കാർ. ജയിലിലെ തിരക്ക് കുറയ്ക്കാൻ 5000 ജയിൽ പുള്ളികളെ പുറത്തിറക്കിയേക്കും.