ബിന്ദു അമ്മിണിക്കെതിരെ മോഹന്‍ദാസ് പരാതി നല്‍കി. മോഹൻദാസിനെ ബിന്ദു അമ്മിണിയാണ് ആക്രമിച്ചതെന്നും ബിന്ദുവിനെതിരെ പരാതി നൽകുമെന്നും ഭാര്യ റീജ പറഞ്ഞു.

കോഴിക്കോട്: ബിന്ദു അമ്മിണിയെ (Bindu Ammini) ആക്രമിച്ചയാളെ അറസ്റ്റ് ചെയ്തു. വെള്ളയില്‍ സ്വദേശി മോഹന്‍ദാസിനെതിരെ ജാമ്യമില്ലാ വകുപ്പടക്കം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. കീഴടങ്ങാനായി സ്റ്റേഷനിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുന്‍പാണ് വെള്ളയില്‍ പൊലീസ് മോഹന്‍ദാസിനെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി. ബീച്ചില്‍ ജോലി കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന തന്നെ ബിന്ദു അമ്മിണിയാണ് ആദ്യം വന്ന് തല്ലിയതെന്നാണ് മോഹന്‍ദാസിന്‍റെ വാദം. മോഹൻദാസിനെ ബിന്ദു അമ്മിണിയാണ് ആക്രമിച്ചതെന്നും ബിന്ദുവിനെതിരെ പരാതി നൽകുമെന്നും ഭാര്യ റീജ പറഞ്ഞു.

YouTube video player

കോഴിക്കോട് നോര്‍ത്ത് ബീച്ചില്‍ വച്ച് ഇന്നലെ വൈകിട്ടാണ് ബിന്ദു അമ്മിണിയെ മോഹൻദാസ് ആക്രമിച്ചത്. മൊബൈല്‍ ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ഇയാള്‍ക്കെതിരെ സ്ത്രീത്വത്തിനെ അപമാനിച്ചതിനും കയ്യേറ്റം ചെയ്തതിനുമാണ് കേസ് എടുത്തിട്ടുളളത്. മോഹൻദാസ് മദ്യലഹരിയില്‍ ബിന്ദുവിനെ ആക്രമിച്ചതാണെന്നാണ് പൊലിസിന്‍റെ നിഗമനം. സംഘർഷത്തിൽ ഇയാളുടെ കാലിനും പരിക്കേറ്റിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയ ഇയാൾ പിന്നീട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. 

തന്നെ ആക്രമിച്ച മോഹന്‍ദാസ് ആർഎസ്എസ് പ്രവർത്തകനാണെന്നും തനിക്കെതിരെ നിരന്തരം ആക്രമണങ്ങള്‍ തുടരുമ്പോഴും പൊലീസ് കാഴ്ചക്കാരവുകയാണെന്നുമാണ് ബിന്ദു അമ്മിണിയുടെ ആരോപണം. അതേസമയം നടുറോഡിൽ സ്ത്രീയെ കയ്യേറ്റം ചെയ്യുന്ന ക്രിമിനലിസം കേരളത്തിൽ വച്ച് പൊറുപ്പിക്കില്ലെന്നും പ്രതിക്കെതിരെ ഒരു ദാക്ഷിണ്യവുമുണ്ടാകില്ലെന്നും മന്ത്രി ആര്‍ ബിന്ദു ഫേസ് ബുക്കില്‍ കുറിച്ചു. സംസ്ഥാനത്ത് അതിക്രമങ്ങള്‍ പെരുകി വരുന്ന സാഹചര്യത്തില്‍ പൊലീസ് കൂടുതല്‍ ജാഗ്രത കാട്ടണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി ആവശ്യപ്പെട്ടു.