വെള്ളിയാഴ്ച്ച പുലർച്ചെ സുഹൃത്തുക്കളോടൊപ്പം വോളിബോൾ മത്സരം കണ്ട് തിരിച്ച് പോകുകയായിരുന്ന അജ്നാസിനെ ഒരു സംഘം ബലംപ്രയോഗിച്ച് കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. 

കോഴിക്കോട്: ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയ യുവാവ് സ്വർണം കവർന്ന കേസിൽ അറസ്റ്റിൽ. പേരാമ്പ്ര പന്തിരിക്കര സ്വദേശി അജ്നാസിനെ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ടു പോയ സമയത്ത് തന്നെ സ്വർണ കവർച്ച കേസിൽ അജ്നാസിനെ പ്രതി ചേർത്തിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരി 19 പുലര്‍ച്ചെ സുഹൃത്തുക്കളോടൊപ്പം വോളിബോള്‍ മത്സരം കണ്ട് തിരിച്ചു പോകുന്നതിനിടെയാണ് അജ്നാസിനെ ഒരു സംഘം നമ്പര്‍ പ്ലേറ്റില്ലാത്ത ഇന്നോവ കാറില്‍ തട്ടിക്കൊണ്ട് പോയത്. തട്ടിക്കൊണ്ട് പോയ സംഘത്തിന് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി അജ്നാസിന്‍റെ സഹോദരൻ പൊലീസിൽ പരാതിയും നൽകിയിരുന്നു. എന്നാൽ പിറ്റേ ദിവസം രാത്രി തന്നെ അജ്നാസ് നാദാപുരം പൊലീസ് സ്റ്റേഷനിൽ ഹാജരായി. തട്ടിക്കൊണ്ട് പോയ സംഭവത്തിൽ കാർത്തികപ്പള്ളി സ്വദേശി ഫൈസൽ വില്യാപ്പള്ളി സ്വദേശി സെയ്ദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ട് പോകാനുള്ള കാരണം അന്വേഷിച്ചതോടെയാണ് സ്വർണം കവർന്ന കേസിൽ അജ്നാസ് പ്രതിയാണെന്ന് പൊലീസിന് വ്യക്തമായത്.

ഫൈസലിന് നല്‍കാന്‍ ദുബായില്‍ നിന്ന് അനസ് എന്നയാള്‍ വശം വ്യാപാര പങ്കാളിയായ മുഹമ്മദ്, സ്വര്‍ണ്ണം കൊടുത്തയച്ചിരുന്നു. എന്നാല്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണ്ണവുമായി പോകുമ്പോള്‍ അജ്നാസും സംഘവും അനസിന്‍റെ കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണ്ണം അപഹരിച്ചു. ഇങ്ങനെ ഒന്നേകാല്‍ കിലോ സ്വര്‍ണ്ണം തട്ടിയെടുത്തതിനെ തുടര്‍ന്നാണ് അജ്നാസിനെ തട്ടിക്കൊണ്ട് പോയത് എന്നാണ് പൊലീസ് കണ്ടെത്തല്‍. ഇതിനെതുടർന്നാണ് പൊലീസ് കസ്റ്റഡിയിലായിരുന്ന അജ്നാസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അജ്നാസിനെ തട്ടിക്കൊണ്ട് പോയ കേസില്‍ കൂടുതല്‍ പേര്‍ വരും ദിവസങ്ങളില്‍ പിടിയിലാകുമെന്ന് പൊലീസ് പറയുന്നു.