Asianet News MalayalamAsianet News Malayalam

Police Atrocity in Train : സാധാരണക്കാരന്‍റെ നെഞ്ചത്ത് കയറുന്നു; പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി വി ഡി സതീശൻ

സെക്രട്ടേറിയറ്റിന്‍റെ മൂക്കിന് താഴെ ഗുണ്ടാ വിളയാട്ടമാണ്. അവരോട് കാണിക്കാത്ത ക്രൂരതയാണ് സാധാരണക്കാരോട് കാണിക്കുന്നത്. പൊലീസിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല, മുഖ്യമന്ത്രി എന്ത് സംഭവിച്ചാലും പൊലീസിനെ ന്യായീകരിക്കുകയാണെന്നും സതീശൻ ആരോപിച്ചു.

Police Atrocity in Maveli Express VD Satheesan lashes out at Kerala Police
Author
Trivandrum, First Published Jan 3, 2022, 9:53 AM IST

തിരുവനന്തപുരം: കേരളത്തിലെ പൊലീസ് കുറേ നാളായി സമനിലതെറ്റിയത് പോലെയാണ് പെരുമാറുന്നതെന്ന് വിഡി സതീശൻ. ഇതിന്‍റെ എറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കണ്ണൂരിൽ മാവേലി എക്സ്പപ്രസിൽ നടന്ന സംഭവമെന്ന് പ്രതിപക്ഷ നേതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ടിക്കറ്റില്ലാതെ യാത്ര ചെയ്തുവെന്ന് ആരോപിച്ച് എഎസ്ഐ, യാത്രക്കാരനെ നിലത്തിട്ട് ചവിട്ടി ട്രെയിനിന് പുറത്താക്കിയ സംഭവം ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് പുറംലോകം അറിഞ്ഞത്. 

രണ്ടാമത് അധികാരത്തിൽ വന്നതിന് ശേഷം പൊലീസിന്റെ നിയന്ത്രണം പൂർണ്ണമായും സർക്കാരിന്‍റെ കയ്യിൽ നിന്ന് നഷ്ടമായിരിക്കുകയാണെന്ന് സതീശൻ ആരോപിച്ചു. ഇപ്പോൾ പാർട്ടി നേതൃത്വമാണ് എല്ലാ തലത്തിലും പൊലീസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത്. പൊലീസ് ഒരു സേനയെന്ന രീതിയിൽ മുകൾ തട്ടിലുള്ള ഉദ്യോഗസ്ഥർ മുതൽ താഴെ തട്ടിലുള്ള ഉദ്യോഗസ്ഥൻ വരെയുള്ള സംവിധാനത്തിന്റെ താളക്രമം മുഴുവൻ തെറ്റി. പഴയകാലത്തെ സെൽഭരണം പുതിയ രീതിയിൽ അവതരിപ്പിക്കപ്പെടുകയാണ്. സതീശൻ പറയുന്നു. 

ഒരാൾ ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയോ ബഹളമുണ്ടാക്കുകയോ ചെയ്താൽ അയാളെ പൊലീസ് പിടികൂടി നിയമനടപടികൾ സ്വീകരിക്കാം. എന്നാൽ അതല്ല ഇവിടെ നടന്നത്. ക്രൂരതയുടെ പര്യായമായി പൊലീസ് മാറിയിരിക്കുകയാണ്. മനുഷ്യനാണ് താഴെ കിടക്കുന്നത്. എന്ത് അധികാരമാണ് ബൂട്ടിട്ട് ചവിട്ടാൻ പൊലീസിനുള്ളതെന്നാണ് സതീശന്‍റെ ചോദ്യം. 

തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ നൽകാൻ നിയമമുണ്ട്. നിലത്തിട്ട് ഒരാളെ ചവിട്ടിക്കൂട്ടാനും, കരണത്തടിക്കാനും ആരാണ് ഇവർക്ക് അധികാരം നൽകിയത്. മനുഷ്യന്‍റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനാണ് പൊലീസ്, നെഞ്ചത്ത് കുതിര കയറാനല്ല. ഗുണ്ടകളോടൊന്നും ഇങ്ങനെ കാണിക്കുന്നില്ലല്ലോ? ഗുണ്ടകളോട് കാണിക്കാത്ത ക്രൂരതയാണ് സാധാരണക്കാരോട് കാണിക്കുന്നതെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ ആക്ഷേപം.

സെക്രട്ടേറിയറ്റിന്‍റെ മൂക്കിന് താഴെ ഗുണ്ടാ വിളയാട്ടമാണ്. അവരോട് കാണിക്കാത്ത ക്രൂരതയാണ് സാധാരണക്കാരോട് കാണിക്കുന്നത്. പൊലീസിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല, മുഖ്യമന്ത്രി എന്ത് സംഭവിച്ചാലും പൊലീസിനെ ന്യായീകരിക്കുകയാണെന്നും സതീശൻ ആരോപിച്ചു.

റൈറ്റർമാരായി ഇരിക്കാൻ അനുഭാവികളായ പൊലീസുകാരെ കിട്ടുന്നില്ലെന്ന് കൊടിയേരി പറഞ്ഞ വാർത്ത പുറത്ത് വന്നിട്ടുണ്ട്. കോൺഗ്രസ് അനുഭാവികൾ, സിപിഎം അനുഭാവികൾ, ആർഎസ്എസ് അനുഭാവികൾ എന്ന നിലയിൽ പാർട്ടി സെക്രട്ടറി തന്നെ പൊലീസിനെ തിരിച്ചിരിക്കുകയാണ്. സതീശൻ ചൂണ്ടിക്കാട്ടി. 

എല്ലാം ചെയ്യുകയും ചെയ്യും എന്നിട്ട് ഉദ്യോഗസ്ഥർ ഒരു തെറ്റും ചെയ്തില്ലെന്ന് റിപ്പോർട്ട് നൽകുകയും ചെയ്യും. പൊലീസിന്‍റെ പൂർണ്ണമായ നിയന്ത്രണം നഷ്ടമായി. എന്ത് സർക്കുലറുണ്ടായിട്ട് എന്താണ് കാര്യമെന്ന് വിഡി സതീശൻ പരിഹസിച്ചു. 


മാവേലി എക്സ്പ്രസിൽ നടന്നത്

സ്ലീപ്പർ കംമ്പാർട്ട്മെന്റിലേക്ക് പരിശോധനയുമായി എത്തിയ പൊലീസ് ഉദ്യോഗസ്ഥൻ നിലത്തിരിക്കുകയായിരുന്ന യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചു. സ്ലീപ്പർ ടിക്കറ്റില്ലെന്നും ജനറൽ ടിക്കറ്റ് മാത്രമേയുള്ളു എന്ന് യാത്രക്കാരൻ മറുപടി നൽകി. കയ്യിലുള്ള ടിക്കറ്റ് എടുക്കാൻ പൊലീസുകാരൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഇയാൾ ബാഗിൽ ടിക്കറ്റ് തിരയുന്നതിനിടെയാണ് പൊലീസുകാരൻ ബൂട്ട് ഉപയോഗിച്ച് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തത്. തല്ലി വീഴ്ത്തുകയും നിലത്ത് വലിച്ചിട്ട് ബൂട്ട് കൊണ്ട് നെഞ്ചിന് ചവിട്ടുകയും ചെയ്തുവെന്ന് ദൃശ്യങ്ങൾ പകർത്തിയ യാത്രക്കാരൻ പറഞ്ഞു. മാവേലി എക്സ്പ്രസ് കണ്ണൂരിൽ നിന്ന് പുറപ്പെട്ട സമയത്താണ് മർദ്ദനമുണ്ടായത്.

ടിക്കറ്റ് പരിശോധിക്കേണ്ടത് ടിടിഇ ആണെന്നിരിക്കെയാണ് പൊലീസുകാരൻ ടിക്കറ്റ് ചോദിച്ചെത്തി സ്ലീപ്പർ കമ്പാർട്ട്മെന്റിലെ നിലത്തിരിക്കുകയായിരുന്ന യാത്രക്കാരനെ മർദ്ദിച്ചത്. ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു യാത്രക്കാരൻ പകർത്തിയ മർദ്ദന ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

യാത്രക്കാരൻ മര്യാദയോടെ ഇരിക്കുന്നതിനിടെയാണ് ടിക്കറ്റ് ചോദിച്ച് പൊലീസ് എത്തിയതെന്ന് ദൃശ്യങ്ങൾ പകർത്തിയ പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത യാത്രക്കാരൻ പറഞ്ഞു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് ബൂട്ടിട്ട് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തത്. 

എന്നാൽ മറ്റ് യാത്രക്കാരുടെ സുരക്ഷക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നായിരുന്നു പൊലീസുകാരന്റെ വിശദീകരണം. ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും താൻ ചെയ്തതിനെ ന്യായീകരിക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥൻ. ടിക്കറ്റില്ലാത്ത യാത്രക്കാരനെ ഇറക്കിവിടുക മാത്രമാണ് ചെയ്തതെന്നും ഇയാളെ മർദ്ദിച്ചുവെന്ന ആരോപണം തെറ്റാണെന്നും എസ്ഐഐ പ്രമോദ് വിശദീകരിക്കുന്നു. യാത്രക്കാരൻ ആരെന്നറിയില്ലെന്നും കേസെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios