മലപ്പുറം: മലപ്പുറം മമ്പറത്ത് മണല്‍ മാഫിയയോട് പൊലീസ് അരലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തുമെന്ന്  തൃശ്ശൂർ റേഞ്ച് ഐ ജി അറിയിച്ചു. മമ്പാട് എ ആര്‍ ക്യാമ്പിലെ ഹാരിസ്, മനുപ്രസാദ് എന്നീ പൊലീസുകാരാണ് കൈക്കൂലി വാങ്ങിയ സംഘത്തിലെ രണ്ടുപേര്‍.  ഇവരെ സസ്പെന്‍ഡ് ചെയ്തതായാണ് ലഭിക്കുന്ന വിവരം. സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ടുപേരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാവുന്നതേയുള്ളു.

ഇന്നലെ പുലര്‍ച്ചെയാണ് സംഭവം നടന്നത്. മലപ്പുറം എസ് പി യു അബ്ദുള്‍ കരീം നിയോഗിച്ച നാലംഗ സ്ക്വാഡാണ് ബൈക്കില്‍‍ പരിശോധനക്കായി പോയത്. പൊലീസ് കൈകാണിച്ചെങ്കിലും  മണല്‍ ലോറി നിര്‍ത്തിയില്ലെന്ന് മാത്രമല്ല പൊലീസുകാരുടെ വാഹനം ഇടിച്ചിടുകയും ചെയ്തു. പിന്നീട് ഇവര്‍ പൊലീസുകാരെ ബന്ധപ്പെട്ടെന്നാണ് നമുക്ക് ലഭിക്കുന്ന വിവരം. ഇതനുസരിച്ച് ഇവര്‍ ആദ്യം 40,000 രൂപയുമായി എത്തി. ഈ തുക മതിയാവില്ലെന്ന് പൊലീസ് പറഞ്ഞതോടെ ഇവര്‍ തുക 50,000 ആയി ഉറപ്പിച്ചു. തുടര്‍ന്ന് ഇവര്‍ പൊലീസിന് പണം കൈമാറുന്ന ദൃശ്യങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് സംഘം വിളിച്ചന്വേഷിച്ചപ്പോള്‍ മാത്രമാണ് എസ് പി സംഭവം അറിഞ്ഞതും അന്വേഷണം നടത്തിയതും. ഈ സ്ക്വാഡിനെ തിരികെവിളിക്കാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തതായും പെരിന്തല്‍മണ്ണ ഡിവൈഎസ്‍പിയെ അന്വേഷണച്ചുമതല ഏല്‍പ്പിച്ചതായും എസ്‍പി അറിയിച്ചു.