അഭിമന്യു, ജിഷ്ണു, സാനന്ദ് എന്നീ പ്രതികളെ ആലപ്പുഴ അരൂർ ഭാഗത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ആംബുലൻസ് ഡ്രൈവർ അഖിലിന്റെ മൊഴിയാണ് അന്വേഷണത്തിൽ നിർണായകമായത്. 

ആലപ്പുഴ: ആലപ്പുഴയിലെ എസ് ഡി പി ഐ (SDPI) നേതാവ് ഷാൻ വധകേസിലെ (Shan Murder) കൊലയാളി സംഘത്തിലെ അഞ്ചുപേരെ പിടികൂടിയത് ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന്. ആർഎസ്എസ് പ്രവർത്തകരായ അതുൽ, ജിഷ്ണു, അഭിമന്യു, വിഷ്ണു, സനന്ത് എന്നിവരാണ് കുട്ടനാട്ടിലെ ഒളിവു കേന്ദ്രത്തിൽനിന്ന് പൊലീസിന്റെ വലയിലായത്. കൊലപാതകം കഴിഞ്ഞ് ആറാം നാളാണ് കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ ആദ്യമായി പിടിയിലാകുന്നത്. അഭിമന്യു, ജിഷ്ണു, സാനന്ദ് എന്നീ പ്രതികളെ ആലപ്പുഴ അരൂർ ഭാഗത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ആംബുലൻസ് ഡ്രൈവർ അഖിലിന്റെ മൊഴിയാണ് അന്വേഷണത്തിൽ നിർണായകമായത്. 

ഷാൻ കൊലക്കേസിൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുള്ള പ്രതികൾ കസ്റ്റഡിയിലാകുന്നത് ആദ്യമാണ്. ആയുധങ്ങൾ കണ്ടെത്താനുള്ള തിരച്ചിൽ പൊലീസ് ആരംഭിച്ചു. നേരത്തെ ഷാനിനെ കൊലപ്പെടുത്തിയ സംഘത്തിന് കാര്‍ ഉപേക്ഷിച്ചശേഷം രക്ഷപ്പെടാന്‍ ആംബുലന്‍സ് വാഹനം ഒരുക്കിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അഖിലടക്കം പിടിയിലായിരുന്നു. കാര്‍ സംഘടിപ്പിച്ച് നൽകിയ രാജേന്ദ്രപ്രസാദിനെയും രതീഷിനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. പ്രതികളെത്തിയ കാർ കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. 

ആലപ്പുഴ മണ്ണഞ്ചേരിയിൽ വെച്ചാണ് എസ്ഡിപിഐ പ്രവർത്തകനായ ഷാൻ ആക്രമിക്കപ്പെട്ടത്. ഷാൻ സഞ്ചരിച്ച ബൈക്ക് പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം കാറിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.