'പോടാ' എന്ന് വിളിച്ചതിനാണ് മുഹമ്മദ് ബിലാലിന് മർദ്ദനമേറ്റതെന്നും മുൻപും സമാന അനുഭവം ഉണ്ടായതായും അച്ഛൻ പറഞ്ഞു. വടികൊണ്ട് തല്ലിയെന്ന് സമ്മതിച്ച ആയ കുഞ്ഞിനെ കെട്ടിയിട്ടിരുന്നില്ല എന്നാണ് പറയുന്നത്. 

കണ്ണൂർ : കണ്ണൂർ കിഴുന്ന പാറയിൽ മൂന്നരവയസുകാരനെ അങ്കണവാടിയിലെ ആയ മർദ്ദിച്ച സംഭവത്തിൽ ആയ ബേബിക്കെതിരെ എടക്കാട് പൊലീസ് കേസെടുത്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. ആയ ബേബിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. രാവിലെ എടക്കാട് സ്റ്റേഷനിൽ എത്താൻ ബേബിക്ക് പൊലീസ് നിർദേശം നൽകി. കുട്ടിയുടെയും അച്ഛന്റെയും വിശദമായ മൊഴിയും പൊലീസ് രേഖപ്പെടുത്തും. ബുധനാഴ്ചയാണ് കണ്ണൂ‍ർ കിഴുന്നപാറയിൽ മൂന്നര വയസ്സുകാരനെ അംഗനവാടിയിലെ ആയ കെട്ടിയിട്ട് മർദ്ദിച്ചത്. 'പോടാ' എന്ന് വിളിച്ചതിനാണ് മുഹമ്മദ് ബിലാലിന് മർദ്ദനമേറ്റതെന്നും മുൻപും സമാന അനുഭവം ഉണ്ടായതായും അച്ഛൻ പറഞ്ഞു. വടികൊണ്ട് തല്ലിയെന്ന് സമ്മതിച്ച ആയ കുഞ്ഞിനെ കെട്ടിയിട്ടിരുന്നില്ല എന്നാണ് പറയുന്നത്. 

അംഗനവാടിയിൽ നിന്ന് തിരിച്ചെത്തിയ മൂന്ന് വയസുകാരന്റെ കൈയ്യിൽ പാടുകൾ ഉണ്ടായിരുന്നു. ഉമ്മ ചോദിച്ചപ്പോഴാണ് വികൃതി കാട്ടിയതിന് ആയ അടിച്ചെന്ന് ബിലാൽ പറഞ്ഞത്. അതേ അംഗനവാടിയിൽ പഠിക്കുന്ന മറ്റൊരു കുട്ടിയെ വിളിച്ച് രക്ഷിതാക്കൾ കാര്യം അന്വേഷിച്ചു. ബിലാലിനെ ആയ അടിച്ചെന്ന് കൂടെയുണ്ടായിരുന്ന കുട്ടിയും പറഞ്ഞു. പിന്നാലെയാണ് കുട്ടിയുടെ അച്ഛൻ ചൈൽഡ് ലൈനിൽ പരാതി നൽകിയത്. കുട്ടി 'പോടാ' എന്ന് വിളിച്ചതിനെ തുടർന്ന് കുട്ടിയുടെ ചുണ്ടിൽ പച്ചമുളക് തേയ്ക്കാനുള്ള ശ്രമവും ഇവർ നടത്തിയെന്നും അച്ഛൻ പറഞ്ഞു. 

എന്നാൽ കുട്ടിയുടെ വികൃതി കൂടിയപ്പോൾ വടി ഉപയോഗിച്ച് വിരലിലാണ് അടിച്ചതെന്നും കെട്ടിയിട്ടില്ലെന്നും അംഗനവാടിയിലെ ആയ ബേബി പറഞ്ഞു. അംഗനവാടി ടീച്ചർ മീറ്റിങ്ങിനായി പോയതിനാൽ ആയ മാത്രമായിരുന്നു ഉണ്ടായിരുന്നത്. സംഭവത്തിൽ ചൈൽഡ് ഡെവലപ്മെന്‍റ് പ്രൊജക്ട് ഓഫീസർ അംഗനവാടിയിലെത്തി പരിശോധന നടത്തി.